നീറ്റ് പുന:പരീക്ഷ: ചണ്ഡിഗഡിലെ സെന്ററിൽ പരീക്ഷയെഴുതാൻ ഒരാളുമെത്തിയില്ല
ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർഥികളാണ് ഇന്ന് വീണ്ടും പരീക്ഷയെഴുതുന്നത്
ചണ്ഡീഗഡ്: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്കായി നടത്തിയ പുന:പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾ എത്തിയില്ല. 1563 വിദ്യാർഥികൾക്കായി പുന:പരീക്ഷയെുതാൻ ഏഴ് കേന്ദ്രങ്ങളാണ് നിശ്ചയിച്ചിരുന്നത്. അതിൽ 2 വിദ്യാർത്ഥികൾക്കായി ചണ്ഡിഗഡിലെ സെക്ടർ 44 ലെ സെന്റ് ജോസഫ് സീനിയർ സെക്കൻഡറി സ്കൂളിലായിരുന്നു പരീക്ഷാ കേന്ദ്രമൊരുക്കിയിരുന്നത്.
ഇൻവിജിലേറ്റർമാരും സുരക്ഷക്കായി പൊലീസ് ഉദ്യോഗസ്ഥരും പരിശോധനക്കായി മെറ്റൽ സ്കാനറുകൾ അടക്കമുള്ള സൗകര്യങ്ങളും സംവിധാനും ഒരുക്കിയിരുന്നു.രണ്ട് മണിക്കാണ് പരീക്ഷ ആരംഭിക്കുന്നതെങ്കിലും ഉച്ചയ്ക്ക് 1.30 ന് ഗേറ്റ് അടയ്ക്കും. എന്നാൽ 1.30 ന് വിദ്യാർഥികൾ എത്തിയില്ലെങ്കിലും ചട്ടപ്രകാരം പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റ് അധികൃതർ അടച്ചു.
മെയ് 5 ന് നടന്ന പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 ഉദ്യോഗാർഥികളുടെ ഫലം റദ്ദാക്കിയിരുന്നു. അവർക്ക് വേണ്ടിയാണ് ഇന്ന് പരീക്ഷ നടത്തിയത്. ജൂൺ 30 ന് ഫലം പ്രഖ്യാപിക്കും.
അതെസമയം ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും വിവാദമായതിന് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസി തലവൻ സുബോദ് കുമാർ സിങ്ങിനെ പദവിയിൽ നിന്ന് നീക്കി. പ്രദീപ് സിങ് കരോളക്ക് എൻ.ടി.എ ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്.