ബന്ധം തകരുമ്പോൾ ബലാത്സംഗക്കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ല: സുപ്രിംകോടതി
ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി
ഡല്‍ഹി: വർഷങ്ങൾ ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ ബലാൽസംഗക്കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ലെന്നു സുപ്രിംകോടതി. പ്രതിക്ക് മുൻകൂർജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്‍റെ നിരീക്ഷണം.
രാജസ്ഥാന്‍ സ്വദേശിനിയുടെ കേസിലാണ് കോടതിയുടെ നിരീക്ഷണം. നാല് വർഷം ഒരുമിച്ചു താമസിക്കുകയും ഒരു കുട്ടി ജനിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതിക്ക് മുൻകൂർജാമ്യം അനുവദിക്കാനാവില്ലെന്നാണ് രാജസ്ഥാൻ ഹൈക്കോടതി വിധിച്ചത്. വിധിക്കെതിരായ അപ്പീലിലാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെയും ജസ്റ്റിസ് വിക്രം നാഥിന്‍റെയും നിരീക്ഷണം.
എന്നാല്‍ ഒരുമിച്ച് ജീവിച്ച് നാല് വര്‍ഷത്തിന് ശേഷം തങ്ങളുടെ ബന്ധം തകര്‍ന്നെന്നും അതിനുശേഷം പൊലീസില്‍ പരാതി നല്‍കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നും യുവാവ് വാദിച്ചു. ബന്ധം തകരുമ്പോള്‍ ബലാത്സംഗക്കുറ്റം ആരോപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. പ്രതിക്ക് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. അതേസമയം പൊലീസിന് കേസ് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ജാമ്യം നല്‍കി നടത്തിയ നിരീക്ഷണങ്ങള്‍ അന്വേഷണത്തെ ബാധിക്കരുതെന്നും കോടതി വ്യക്തമാക്കി.
കേരള ഹൈക്കോടതിയുടെ സമാന നിരീക്ഷണം
നേരത്തെ കേരളാ ഹൈക്കോടതിയും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. ഒരുമിച്ച് ജീവിച്ച ശേഷം സ്നേഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന പീഡന ആരോപണത്തെ ബലാത്സംഗമായി കാണാനാവില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അഭിഭാഷകയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അഭിഭാഷകൻ നവനീത് എൻ. നാഥിന്‍റെ ജാമ്യ ഹരജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ബലാത്സംഗം, പ്രതിയിൽ നിന്ന് ഗർഭിണിയായ സ്ത്രീയെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് നവനീതിനെതിരെ ചുമത്തിയിരുന്നത്. ജാമ്യഹരജി എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് നവനീത് ഹൈക്കോതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. ജാമ്യഹരജി പരിഗണിച്ച കോടതി, വിവാഹിതരാകാതെയും സ്ത്രീയും പുരുഷനും ഒന്നിച്ച് ജീവിക്കുന്ന കാലമാണിതെന്നും ഇപ്പോഴത്തെ തലമുറയുടെ കാഴ്ചപ്പാട് തന്നെ വ്യത്യസ്തമാണെന്നും വിലയിരുത്തി. സ്നേഹ ബന്ധത്തിൽ ഭിന്നതയുണ്ടാകുമ്പോൾ ഒരാൾ ഉയര്‍ത്തുന്ന ആരോപണങ്ങൾ മറ്റേയാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു. ബന്ധം തുടരാൻ ഒരാൾ ആഗ്രഹിക്കുകയും മറ്റേയാൾ അത് അവസാനിപ്പിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുമ്പോഴാണ് ആരോപണവും കേസുമുണ്ടാകുന്നതെന്നും ജസ്റ്റിസ് വാക്കാല്‍ ചൂണ്ടിക്കാട്ടി. ഇത്തരം ആരോപണങ്ങളുണ്ടാകുമ്പോൾ അത് വാഗ്ദാന ലംഘനമായാണ് കാണേണ്ടത്. ബലാത്സംഗമായല്ലെന്നും കോടതി നിരീക്ഷിച്ചു.