യുപി ഉപതെരഞ്ഞെടുപ്പ്; ഫൈസാബാദ് എം.പി യുടെ മകന്‍ മില്‍കിപൂരില്‍ എസ്.പി സ്ഥാനാര്‍ഥിയാകും
സമാജ്‌വാദി പാർട്ടിയിൽ നിന്നുമുള്ള ഒമ്പത് എം.എൽ.എമാരാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്
ലഖ്നൗ: ഉപതെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് ഉത്തര്‍പ്രദേശ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തിരക്കിട്ട ചര്‍ച്ചകളിലാണ് മുന്നണികള്‍. 10 നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പിയിൽ നിന്നും പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയിൽ നിന്നുമുള്ള ഒമ്പത് എം.എൽ.എമാരാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. ഇവരില്‍ ഭൂരിഭാഗം പേരും നിയമസഭയില്‍ നിന്നും രാജിവച്ചിരുന്നു.
ഈ ഉപതെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നടക്കുമെന്ന പ്രതീക്ഷിക്കുന്ന മണ്ഡലമാണ് ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിലുള്‍പ്പെട്ട മില്‍കിപൂര്‍. സിറ്റിങ് എം.എല്‍.എ ആയിരുന്ന അവധേഷ് പ്രസാദ് നിയമസഭാംഗത്വം രാജിവച്ചാണ് ലോക്സഭയിലേക്ക് മത്സരിച്ചത്. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ചുട്ട മറുപടി നല്‍കി അവേധഷ് മിന്നുന്ന വിജയമാണ് നേടിയത്. മില്‍കിപൂരിലെ ഒഴിവു വന്ന സീറ്റിലേക്ക് ഇത്തവണ അവധേഷിന്‍റെ മകനെയിറക്കി മണ്ഡലം നിലനിര്‍ത്താനാണ് സമാജ്‍വാദി പാര്‍ട്ടിയുടെ തീരുമാനം. മില്‍കിപൂരില്‍ അവധേഷ് പ്രസാദിന്‍റെ മകന്‍ അജിത് പ്രസാദ് എസ്.പി സ്ഥാനാര്‍ഥിയാകുമെന്ന് നേതാക്കള്‍ അറിയിച്ചു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് മില്‍കിപൂർ നിയമസഭാ മണ്ഡലത്തിലെ പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തുകയും അജിത് പ്രസാദിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
അജിത് പ്രസാദിൻ്റെ പേര് അന്തിമമായി പ്രഖ്യാപിച്ചെങ്കിലും പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് എസ്പി നേതാക്കൾ അറിയിച്ചു. ഉപതെരഞ്ഞെടുപ്പില്‍ എസ്.പിയുടെ വിജയം സുനിശ്ചിതമാണെന്ന് എംഎല്‍എ ആര്‍.കെ സിങ് പറഞ്ഞു. എന്നാല്‍ മകൻ സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തോട് യോഗത്തിലുണ്ടായിരുന്ന അവധേഷ് പ്രസാദ് പ്രതികരിച്ചില്ല. “മത്സരിക്കേണ്ടയാൾക്ക് അറിയാം, വോട്ട് ചെയ്യേണ്ടവർക്കും അറിയാം ആരായിരിക്കും സ്ഥാനാർത്ഥിയെന്ന്. പാർട്ടി ഔദ്യോഗിക പ്രഖ്യാപനം നടത്തും,” അവധേഷ് പ്രസാദ് പറഞ്ഞു. സംസ്ഥാനത്തെ 10 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ തിയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
രാമക്ഷേത്രത്തിന്‍റെ പ്രഭാവത്തിലും അയോധ്യ നഗരം ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലേറ്റ പരാജയം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരുന്നു. അതുകൊണ്ട് തന്നെ മില്‍കിപൂരിലേത് പാര്‍ട്ടിയുടെ അഭിമാന പോരാട്ടമാണ്. ഫൈസാബാദിൽ ഒരു പാസി സ്ഥാനാർഥിയോട് പരാജയപ്പെട്ടതിനാൽ മിൽകിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഒരു പാസി സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ ആലോചിക്കുന്നതായി ബി.ജെ.പി വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. മിൽകിപൂർ, കത്തേരി സീറ്റുകൾക്കായുള്ള പ്രചാരണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് മേൽനോട്ടം വഹിക്കുന്നതോടെ ഈ പത്ത് സീറ്റുകൾ നേടാനുള്ള തീവ്രശ്രമവും ബി.ജെ.പി നടത്തുന്നുണ്ട്.
ബി.ജെ.പിയുടെ റിതേഷ് പാണ്ഡെയെ പരാജയപ്പെടുത്തി അംബേദ്കർ നഗറിൽ നിന്ന് എം.പിയായ ലാൽ ജി വർമയുടെ കാത്തേരിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലം. എം.എല്‍.എ സ്ഥാനം രാജിവച്ചാണ് ലാല്‍ ജി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കാത്തേരിയില്‍ ലാല്‍ ജി വര്‍മയുടെ മകളെ മത്സരിപ്പിച്ചേക്കുമെന്നുമുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.