ആരാദ്യം ഫോട്ടോയെടുക്കും? വിവാഹപന്തലിൽ വധുവിന്‍റെയും വരന്‍റെയും കുടുംബാംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്

പരിക്കേറ്റ വരന്റെ അമ്മാവനും സഹോദരിയുമടക്കമുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2022-12-13 07:06 GMT
Editor : Lissy P | By : Web Desk
Advertising

ലഖ്‌നൗ: വിവാഹച്ചടങ്ങിനിടെ അനിഷ്ടസംഭവങ്ങളുണ്ടാകുന്നതും ചെറിയ തർക്കങ്ങളുണ്ടാകുന്നതും സാധാരണമാണ്. എന്നാൽ ഉത്തർപ്രദേശിൽ നടന്ന വിവാഹത്തിനിടയിലും ചെറിയൊരു തർക്കം നടന്നു. പക്ഷേ പിന്നീടത് കൂട്ടത്തല്ലിലേക്കും പരിക്കേറ്റ കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ഘട്ടത്തിലേക്കും വരെയെത്തി. തർക്കത്തിലേക്ക് നയിച്ചതിന്റെ കാരണമാണ് ഏറ്റവും വിചിത്രം

വധൂവരന്മാരുടെ കൂടെ ആരാദ്യം ഫോട്ടോയെടുക്കും എന്നതിനെ ചൊല്ലിയായിരുന്നു തർക്കം.ഡിസംബർ എട്ടിന്   ഡിയോറിയ ജില്ലയിൽ ഒരു വിവാഹച്ചടങ്ങിനിടെയാണ് അപ്രതീക്ഷിതമായ തർക്കം നടന്നത്. വധുവും വരനും പരസ്പരം വരണമാല്യം ചാർത്തിയതിന് ശേഷം ഫോട്ടോയെടുക്കുന്ന ചടങ്ങുണ്ട്. ഇതിൽ വധുവിന്റെ വീട്ടുകാരാണോ വരന്റെ വീട്ടുകാരാണോ ഫോട്ടോ എടുക്കേണ്ടത് എന്നായിരുന്നു പ്രശ്‌നം. അത് പിന്നീട് രൂക്ഷമായ വാക്കേറ്റത്തിലേക്കും ഉന്തുംതള്ളിലേക്കും നയിച്ചു. മദ്യലഹരിയിലായിരുന്ന വരന്റെ വീട്ടുകാരാണ് ആദ്യം ഫോട്ടോയെടുക്കണമെന്ന് വാശിപിടിച്ചതെന്ന്  ടൈം നൗ റിപ്പോർട്ട് ചെയ്തു. 

വരന്റെ അമ്മാവനും  സഹോദരിക്കും തർക്കത്തിനിടയിൽ പരിക്കേറ്റു. സംഭവമറിഞ്ഞ്  രാംപൂർ കർഖാന പൊലീസ് സ്ഥലത്തെത്തി. തുടർന്ന്പ രിക്കേറ്റവരെ ചികിത്സയ്ക്കായി സദർ ആശുപത്രിയിലേക്ക് മാറ്റി.'ഡിസംബർ 8 ന് രാത്രി 9.30 മണിയോടെ, വിവാഹ ചടങ്ങിൽ ഫോട്ടോ എടുക്കുന്നതിനെ ചൊല്ലി വഴക്കുണ്ടായതായി വിവരം ലഭിച്ചു. പൊലീസ് സംഘവുമായി സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും പരിക്കേറ്റവർ ആശുപത്രിയിലേക്ക് പോയിരുന്നു,' സീനിയർ സബ് ഇൻസ്‌പെക്ടർ ബൽറാം സിംഗ് പറഞ്ഞു. അതേസമയം,കൂട്ടത്തല്ലിനെ തുടർന്ന് വിവാഹവുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് വരൻ പറഞ്ഞു. എന്നാൽ പിന്നീട് എല്ലാവരും കൂടി സംസാരിച്ചതിന് ശേഷമാണ് വരന്റെ മനസ് മാറിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News