കോവിഡ് ബാധിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് 15 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് ഒഡീഷ
കോവിഡ‍് ബാധിച്ചു മരിച്ച പതിനേഴ് മാധ്യമപ്രവർത്തകർക്കാണ് സർക്കാർ സഹായം ലഭിക്കുക.
കോവിഡ് ബാധിച്ചു മരിച്ച മാധ്യമപ്രവർത്തകരുടെ കുടുംബത്തിന് രണ്ടര കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ. കോവിഡ‍് ബാധിച്ചു മരിച്ച പതിനേഴ് മാധ്യമപ്രവർത്തകർക്കാണ് സർക്കാർ സഹായം ലഭിക്കുക.
വാർത്താവിതരണ മന്ത്രാലയത്തിന്റെ അപേക്ഷ സ്വീകരിച്ച മുഖ്യമന്ത്രി നവീൻ പട്നായിക്, ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതമാണ് നൽകുക. മരിച്ച മാധ്യമപ്രവർത്തകരുടെ പേരുവിവരങ്ങളും സർക്കാർ പുറത്തുവിട്ടു.
മരിച്ചവരിൽ നാലു പേർ ഭുവനേശ്വറിൽ നിന്നും ഏഴു പേർ ഗൻജാമിൽ നിന്നുമാണെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ബലങ്കിറിൽ നിന്നും മൂന്നും, ജാജ്പൂരിൽ നിന്നും രണ്ടു പേരും കാലാഹാണ്ഡിയിൽ നിന്നും ഒരാളുമാണ് മരിച്ചത്. മാധ്യമപ്രവർത്തക ക്ഷേമനിധിയിൽ നിന്നാണ് സാമ്പത്തിക സഹായം അനുവദിക്കുക. സഹായപ്രഖ്യാപനത്തിന് ശേഷവും അപേക്ഷകൾ എത്തിയതായും, ശരിയായ അന്വേഷണത്തിനു ശേഷം ആവശ്യക്കാർക്ക് സഹായം എത്തിക്കുമെന്നും സർക്കാർ പ്രഖ്യാപനത്തിൽ പറഞ്ഞു.