കർഷക സമരം:കർഷകൻ കൊല്ലപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി
പൊലീസ് വെടിവെപ്പിൽ കര്‍ഷകനായ ശുഭ് കരൺ സിങ്ങ് കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി
ചണ്ഡീഗഡ്: കർഷക സമരത്തിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ശുഭ് കരൺ സിംങിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.
വ്യക്തമായ കാരണങ്ങളാൽ പഞ്ചാബിനോ ഹരിയാനയ്ക്കോ കേസ് അന്വേഷണം കൈമാറാനാവില്ല.തുടരന്വേഷണത്തിനായി റിട്ട. ഹൈക്കോടതി ജഡ്ജിയും എ.ഡി.ജി.പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരുമടങ്ങുന്ന മൂന്നംഗ സമിതി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
പ്രതിഷേധക്കാർക്ക് നേരെ പൊലീസ് എന്തുതരം വെടിയുണ്ടകളും പെല്ലറ്റുകളുമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കാൻ ഹരിയാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
സമരം നേരിടാൻ വ്യാപകമായി പൊലീസിനെ ഉപയോഗിച്ചതാണ് കർഷകൻ കൊല്ലപ്പെടാൻ കാരണമെന്ന് സംസ്ഥാനങ്ങളുടെ സത്യവാങ്മൂലം പരിശോധിച്ച കോടതി നിരീക്ഷിച്ചു.ഫെബ്രുവരി 21 ന് നടന്ന സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ 28 വരെ കാത്തിരുന്നതെന്തിനാണെന്നും പഞ്ചാബ് പൊലീസിനോട് കോടതി ചോദിച്ചു.
ദിവസങ്ങൾക്കുമുമ്പ് കൊല്ലപ്പെട്ട കർഷകന്റെ മരണത്തിൽ അനുശോചിച്ച് മെഴുകുതിരി മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ പൊതുമുതൽ നശിപ്പിച്ച കർഷകരുടെ സ്വത്തുകൾ കണ്ടുകെട്ടാനുള്ള നടപടികൾ ഹരിയാന പൊലീസ് തുടരുന്നുണ്ട്.
വിളകൾക്ക് മിനിമം താങ്ങുവില, നിയമപരമായ ഗ്യാരണ്ടി, കർഷകർക്കുള്ള പെൻഷൻ, കാർഷിക കടം എഴുതിത്തള്ളൽ തുടങ്ങി വിവിധ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനോട് ഉന്നയിച്ചു. എന്നാൽ നടപടികൾ ഒന്നും ഉണ്ടായില്ല. ഇതിനെ തുടർന്നാണ് പ്രതിഷേധം. മാർച്ച് 10 ന് രാജ്യവ്യാപകമായി നാല് മണിക്കൂർ ട്രെയ്ൻ തടയൽ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.