തെലങ്കാനയിൽ ചരിത്രപ്രധാന മസ്ജിദ് തകർത്ത് സമീപഭൂവുടമ; സ്ഥലം നിരപ്പാക്കി വിൽക്കാൻ ശ്രമം; കേസെടുത്തു
ഇയാളുടെ ഭൂമിക്കൊപ്പം സംസ്ഥാന വഖഫ് ബോർഡിനു കീഴിലുള്ള ഈ ഭൂമി കൂടി നിരപ്പാക്കി വിൽക്കാനായിരുന്നു പദ്ധതി.
ഹൈദരാബാദ്: തെലങ്കാനയിലെ മൊയ്നാബാദിൽ ചരിത്രപ്രധാനമായ മസ്ജിദ് തകർത്ത് സമീപത്തെ ഭൂവുടമ. രംഗറെഡ്ഡി ജില്ലയിലെ ചിൽക്കൂർ ഗ്രാമത്തിലെ ജാഗിർദാർ മസ്ജിദാണ് സമീപത്തെ സ്ഥലമുടമയായ പ്രസാദും കൂട്ടാളികളും ചേർന്ന് നിലംപരിശാക്കിയത്. ഇയാളുടെ ഭൂമിക്കൊപ്പം സംസ്ഥാന വഖഫ് ബോർഡിനു കീഴിലുള്ള ഈ ഭൂമി കൂടി നിരപ്പാക്കി വിൽക്കാനായിരുന്നു പദ്ധതി. സംഭവത്തിൽ പ്രതികൾക്കെതിരെ മൊയ്നാബാദ് പൊലീസ് കേസെടുത്തു.
ചിൽക്കൂർ വില്ലേജിലെ 133, 134 സർവേ നമ്പരുകളിലുള്ള ഭൂമിയിലാണ് തെലങ്കാന സംസ്ഥാന വഖഫ് ബോർഡിനു കീഴിലുള്ള ജാഗിർദാർ മസ്ജിദ് സ്ഥിതി ചെയ്തിരുന്നത്. എന്നാൽ തിങ്കളാഴ്ച പ്രദേശത്ത് ആരുമില്ലാതിരുന്ന സമയം പ്രസാദവും സംഘവുമെത്തി ജെ.സി.ബി ഉപയോഗിച്ച് പള്ളി തകർക്കുകയും ഭൂമി നിരപ്പാക്കുകയുമായിരുന്നു. പ്രദേശത്തെ മുസ്‌ലിംകൾ പ്രാർഥനയ്ക്കായി ആശ്രയിക്കുന്ന പള്ളികളിലൊന്നായിരുന്നു ജാഗിർദാർ മസ്ജിദ്.
തിങ്കളാഴ്ച ഉച്ചയ്ക്ക്, ചിൽക്കൂർ ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് അഹമ്മദ്, ഇതുവഴി കടന്നുപോകുമ്പോഴാണ് ജാഗിർദാർ മസ്ജിദ് അവിടെ ഇല്ലെന്ന കാര്യം ശ്രദ്ധിച്ചതെന്ന് പ്രദേശവാസിയായ ലയീഖുന്നീസ നൽകിയ പരാതിയിൽ പറയുന്നു. ഇക്കാര്യം അദ്ദേഹം ഗ്രാമവാസികളെ അറിയിക്കുകയും കൂടുതൽ പേർ ഇവിടേക്കെത്തുകയും ചെയ്തു. ആരുമില്ലാതിരുന്ന സമയം നോക്കി ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രസാദും കൂട്ടാളികളും ചേർന്ന് മസ്ജിദ് തകർത്ത ശേഷം നിലം നിരപ്പാക്കുകയായിരുന്നെന്ന് ഗ്രാമവാസികൾക്ക് വ്യക്തമായി.
സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയും പിന്നാലെ മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് (എം.ബി.ടി) പാർട്ടി നേതാവ് അംജിദുല്ലാ ഖാൻ, എ.ഐ.എം.ഐ.എം എം.എൽ.സി മിർസ റഹ്മത്ത് ബേഗ്, ടെമ്‌റിസ് ചെയർമാൻ ഫഹീം ഖുറേഷി, തെലങ്കാന വഖഫ് ബോർഡ് ചെയർമാൻ അസ്മത്തുല്ലാ ഹുസൈനി, ന്യൂനപക്ഷ ക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തഫ്സീർ ഇഖ്ബാൽ എന്നിവർ തിങ്കളാഴ്ച രാത്രി സ്ഥലം സന്ദർശിക്കുകയും ചെയ്തു.
തുടർന്ന് രാജേന്ദ്രനഗർ ഡി.സി.പി ശ്രീനിവാസിനെ കണ്ട ഇവർ, കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ 329(3), 329, 324(4)(5), 298, 299, 196, 300 ബി.എൻ.എസ് ആർ/ഡബ്ല്യു 3(5) എന്നീ വകുപ്പുകളും പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയൽ (പി.ഡി.പി.പി) നിയമം സെക്ഷൻ- 3 പ്രകാരവും പൊലീസ് കേസെടുക്കുകയായിരുന്നു.
വഖഫ് ബോർഡ് സർവേ നടത്തി ഈ മസ്ജിദും ഭൂമിയും തങ്ങളുടെ രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടതൂർന്ന മരങ്ങളാൽ ചുറ്റപ്പെട്ടയിടത്താണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപം കുറച്ച് ഭൂമിയുള്ള പ്രസാദ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും ഇതിനിടെയാണ് പള്ളി തകർത്തത് നിരപ്പാക്കിയതെന്നും മുസ്‌ലിം പ്രതിനിധി സംഘം വ്യക്തമാക്കി. വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇവർ മസ്ജിദ് തകർത്തതെന്നും സംഘം പറഞ്ഞു.
അതേസമയം, മൊയ്‌നാബാദിൽ മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് സംസ്ഥാന വഖഫ് ബോർഡ് ഉദ്യോഗസ്ഥർ കുഴൽക്കിണർ കുഴിക്കുകയും താൽക്കാലിക ഷെഡ് സ്ഥാപിക്കുകയും ചെയ്തു. 'സ്ഥലത്ത് പ്രാർഥന തുടരുകയാണ്. സ്ഥിരം കെട്ടിടം ഉടൻ നിർമിക്കും. മസ്ജിദ് തകർത്തവർക്കെതിരെ നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച് ഞങ്ങൾ പൊലീസുമായി ബന്ധപ്പെട്ടുവരികയാണ്'- ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ചില പ്രാദേശിക നേതാക്കളുടെ സഹായത്തോടെ മസ്ജിദ് പൊളിച്ച് പ്ലോട്ടാക്കി മാറ്റി വിൽക്കാനായിരുന്നു പ്രസാദിന്റെ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.