ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ തീയണക്കാനുള്ള വാതകം പ്രയോഗിച്ചു, തൊട്ടുപിന്നാലെ കെ.കെ പുറത്തേക്ക്; സംഗീത പരിപാടിയിലെ ദൃശ്യങ്ങൾ പുറത്ത്
പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു
കൊൽക്കത്ത: ഗായകൻ കെ.കെയുടെ സംഗീത പരിപാടിക്കിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ തീയണക്കാനുള്ള വാതകം പ്രയോഗിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. ചൊവ്വാഴ്ച കൊൽക്കത്തയിലെ ഗുരുദാസ് കോളേജ് ഫെസ്റ്റിന് നസ്റുൽ മഞ്ചയിൽ ലൈവ് പെർഫോമൻസ് അവതരിച്ചതിന് തൊട്ടുപിന്നാലെയാണ് കെ.കെ എന്ന കൃഷ്ണകുമാർ ഹോട്ടൽ മുറിയിൽ കുഴഞ്ഞ് വീഴുന്നത്. ടിക്കറ്റ് എടുത്താണ് കാണികളെ പ്രവേശിപ്പിച്ചതെങ്കിലും അതിലും അധികം ആളുകൾ എത്തിയിരുന്നു.
ഇവരെ പുറത്താക്കാനാണ് സംഘാടകർ തീയണക്കാനുള്ള വാതകം പ്രയോഗിച്ചത്. ഇതിന് ശേഷമാണ് കെ.കെ പരിപാടി അവസാനിപ്പിച്ച് റൂമിലേക്ക് മടങ്ങിയത്. തുടർന്നാണ് കുഴഞ്ഞ് വീഴുന്നത്. കുഴഞ്ഞ് വീണ ഉടനെ കെ.കെയെ സഹപ്രവർത്തകർ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഓഡിറ്റോറിയത്തിൽ പരിധിയിൽ കൂടുതൽ ആളുകൾ പ്രവേശിപ്പിച്ചിരുന്നതായും എ.സി പ്രവർത്തിപ്പിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. ബി.ജെ.പിയാണ് കൊൽക്കത്ത സർക്കാറിനെതിരെ ആരോപണം ഉന്നയിച്ചത്.
തുടർന്ന് കൊൽക്കത്ത പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. കോളജ് അധികൃതർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മരണകാരണം കണ്ടെത്തുന്നതിനായി ഇന്ന് കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. മരണത്തിൽ അസ്വഭാവികതക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മരണം സംഭവിച്ച ഗ്രാൻഡ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. ഹോട്ടൽ ജീവനക്കാരിൽ നിന്നും പരിപാടിയുടെ സംഘാടകരിൽ നിന്നും പൊലീസ് മൊഴിയെടുക്കും.
കെ.കെയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി, ബോളിവുഡ് താരങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.