ഛത്തീസ്​ഗഢ് ചർച്ച് ആക്രമണം: ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

ഇവരെല്ലാം പള്ളി തകർത്തതിലും പൊലീസിനെ ആക്രമിച്ചതിലും പ്രതികളാണ്.

Update: 2023-01-03 16:00 GMT
Advertising

റായ്പൂർ: മതപരിവർത്തനം ആരോപിച്ച് ഛത്തീസ്​ഗഢിൽ ക്രിസ്ത്യൻ പള്ളി ആക്രമിച്ച സംഭവത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേർ അറസ്റ്റിൽ. ബി.ജെ.പി നാരായൺപൂർ ജില്ലാ പ്രസിഡന്റ് ലധാക്ഷ്യ രൂപ്സായെ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

ഇയാളെ കൂടാതെ അങ്കിത് നന്തി, അതുൽ നേതാം, ഡോമെന്ദ് യാദവ് തുടങ്ങിയവരാണ് പിടിയിലായത്. ഇവരെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെല്ലാം പള്ളി തകർത്തതിലും പൊലീസിനെ ആക്രമിച്ചതിലും പ്രതികളാണ്.

ഇവർക്കെതിരെ ഐപിസി 153 (വിവിധ മതവിഭാ​ഗങ്ങൾക്കിടയിൽ ശത്രുത പരത്തുക), 295 (ഏതെങ്കിലും മതവിഭാ​ഗത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ അവരുടെ ആരാധനാലയത്തിന് നേരെ ആക്രമണം നടത്തുക), 147 (കലാപമുണ്ടാക്കുക), 148 (മാരകായുധങ്ങളുപയോ​ഗിച്ച് ആക്രമണം നടത്തുക), 149 (നിയമവിരുദ്ധമായി സംഘം ചേരലും കുറ്റകൃത്യം ചെയ്യലും) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടുന്നത്. ബി.ജെ.പി.ക്കാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിഷേധവുമായെത്തിയ എം.പിമാരായ സന്തോഷ് പാണ്ഡെ, മോഹൻ മാണ്ഡവി, നേതാക്കളായ കേദാർ കശ്യപ്, മഹേഷ് ഗഗ്ദ എന്നിവരെ പൊലീസ് വഴിയിൽ തടഞ്ഞു. ഇതോടെ ഇവർ റോഡിൽ കുത്തിയിരുന്നു.

ഛത്തീസ്ഗഡിലെ നാരായൺപൂരിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അക്രമം. മതപരിവർത്തനം ആരോപിച്ച് നടന്ന ആദിവാസി പ്രതിഷേധത്തിനിടെയാണ് ബിജെപി പ്രവർത്തകരും നേതാക്കളും ക്രിസ്ത്യൻ പള്ളിക്കും പൊലീസിനും നേരെ ആക്രമണം അഴിച്ചുവിട്ടത്. പ്രതിഷേധവുമായെത്തിയവർ പള്ളിക്കു നേരെയും പൊലീസുകാർക്കു നേരെയും ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തിൽ പത്തിലേറെ പൊലീസുകാർക്കാണ് പരിക്കേറ്റത്. നാരായൺപൂർ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന്റെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച അക്രമികൾ മറ്റ് ഉദ്യോ​ഗസ്ഥരേയും ആക്രമിക്കുകയായിരുന്നു. വടി കൊണ്ട് തലയ്ക്കടിയേറ്റ അദ്ദേഹവും മറ്റ് പൊലീസുകാരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷം നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പൊലീസിനു നേരെ ആക്രമണം.

പ്രതിഷേധക്കാർ പള്ളിയിലെ യേശുക്രിസ്തുവിന്റേത് ഉൾപ്പെടെയുള്ള ആരാധനാ രൂപങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഞായറാഴ്ച നാരായൺപൂർ ജില്ലയിലെ എഡ്കയിൽ മതപരിവർത്തനം ആരോപിച്ച് രണ്ട് സമുദായങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിനു പിന്നാലെ ആദിവാസി സംഘടനകൾ യോഗം വിളിച്ചിരുന്നു. യോ​ഗത്തിൽ ഇരു വിഭാ​ഗവും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും കസേരകളും കല്ലുകളും എടുത്തെറിയുകയുമായിരുന്നു.

ഇരു വിഭാ​ഗവും ഏറ്റുമുട്ടിയതോടെ വൻ സംഘർഷത്തിനാണ് പ്രദേശം സാക്ഷ്യം വഹിച്ചത്. ഇതിനിടെയാണ് ബി.ജെ.പിക്കാരുൾപ്പെടെ നൂറുകണക്കിന് പേർ ബഖ്രുപാരയിലെ പള്ളിക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്. പൊലീസ് ഇടപെട്ടപ്പോൾ അവർ മുദ്രാവാക്യം വിളിക്കുകയും ആക്രമണം നടത്തുകയുമായിരുന്നു. ഉച്ചയോടെ വിശ്വദീപ്തി ക്രിസ്ത്യൻ സ്‌കൂളിന് സമീപമെത്തിയ പ്രതിഷേധക്കാർ സ്‌കൂൾ വളപ്പിലെ പള്ളിയിലേക്ക് കയറുകയായിരുന്നു എന്ന് എസ്.പി കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News