ഇന്ത്യയിലുള്ള വിദേശികള്‍ക്ക് ഇനി ഇന്ത്യയില്‍ നിന്നു തന്നെ കോവിഡ് വാക്സിനെടുക്കാം
ഇവര്‍ തിരിച്ചറിയൽ രേഖയായി പാസ്‌പോർട്ടാണ് നൽകേണ്ടതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ ഇന്ത്യയിലുള്ള വിദേശികൾക്ക് ഇന്ത്യയിൽ നിന്ന് തന്നെ കോവിഡ് വാക്‌സിനെടുക്കാമെന്ന് കേന്ദ്ര സർക്കാർ. കോവിഡിനെതിരേ രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും കോവിൻ പോർട്ടൽ വഴി തന്നെയാണ് കോവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്യാൻ സാധിക്കുക. തിരിച്ചറിയൽ രേഖയായി പാസ്‌പോർട്ടാണ് നൽകേണ്ടതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ വൻ നഗരങ്ങളിൽ നിരവധി വിദേശികൾ താമസിക്കുന്നുണ്ട്. ഇവയിൽ പല നഗരങ്ങളിലും ഉയർന്ന ജനസാന്ദ്രതയുള്ളത് കൊണ്ട് തന്നെ കോവിഡ് പെട്ടെന്ന് പടരാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടാണ് വിദേശികൾക്കും ഇന്ത്യയിൽ നിന്ന് തന്നെ വാക്‌സിൻ നൽകാൻ തീരുമാനിച്ചത്.- കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഈ വർഷം ജനുവരി 16നാണ് രാജ്യത്തുടനീളമുള്ള വാക്‌സിൻ വിതരണത്തിന് ഇന്ത്യ തുടക്കമിട്ടത്. ഇന്ന് വരെ 51,32,28,400 ഡോസുകളാണ് ഇന്ത്യയിൽ വിതരണം ചെയ്തത്. ഇതിൽ 40,01,50,406 പേർ ഒന്നാം ഡോസെടുത്തു. 11,30,77,994 പേരാണ് രണ്ട് ഡോസ് കോവിഡ് വാക്‌സിനുമെടുത്തത്. രാജ്യത്താകമാനം 46,038 കേന്ദ്രങ്ങളിലാണ് കോവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നത്. 5,44,47,724 ഡോസ് വാക്‌സിൻ വിതരണം ചെയ്ത ഉത്തർപ്രദേശാണ് വാക്‌സിൻ വിതരണത്തിൽ ഒന്നാമത്. കേരളത്തിൽ ഇതുവരെ 2,20,97,731 പേർക്കാണ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തത്.