ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബി.ജെ.പിയിലേക്ക്
മൂന്നാഴ്ച മുന്‍പാണ് കിരൺ കുമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചത്
ഹൈദരാബാഗ്: കോണ്‍ഗ്രസ് വിട്ട ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബി.ജെ.പിയില്‍ ചേരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ബി.ജെ.പി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിക്കും. മൂന്നാഴ്ച മുന്‍പാണ് കിരൺ കുമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചത്.
അവിഭക്ത ആന്ധ്രാപ്രദേശിന്‍റെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്നു കിരൺ. 2010 നവംബർ 11ന് അദ്ദേഹം ആന്ധ്രാപ്രദേശിന്‍റെ മുഖ്യമന്ത്രിയായത്. എന്നാൽ സംസ്ഥാനം വിഭജിക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് 2014 മാർച്ച് 10 ന് അദ്ദേഹം രാജിവച്ചു. സംസ്ഥാന വിഭജനം സംബന്ധിച്ച കേന്ദ്ര സർക്കാരിന്‍റെ കരട് ബില്ലിനെ എതിർക്കുന്ന പ്രമേയം അദ്ദേഹം നിയമസഭ പാസാക്കിയതും ശ്രദ്ധേയമാണ്.
2014 മാർച്ച് 10ന് അദ്ദേഹം ജയ് സമൈക്യന്ദ്ര പാർട്ടി എന്ന പേരിൽ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു . തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനാകാതെ നിരവധി സീറ്റുകളിൽ കെട്ടിവെച്ച തുക നഷ്ടമായി. 2018 ജൂലൈ 13-ന് പാർട്ടി പിരിച്ചുവിടുകയും റെഡ്ഡി വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.