വേർപിരിഞ്ഞ ദമ്പതികൾ തെരഞ്ഞെടുപ്പിൽ നേർക്കുനേർ; ബിഷ്ണുപൂരിൽ പോരാട്ടം കനക്കും
ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ സിറ്റിംഗ് എംപിയുടെ മുൻ ഭാര്യയെ ഇറക്കി പോരാട്ടം കനപ്പിച്ചിരിക്കുകയാണ് ടിഎംസി
ബിഷ്ണുപൂർ: ശാസ്ത്രീയ സംഗീതത്തിനും, ബലൂചാരി പട്ട് സാരിക്കും ടെറക്കോട്ട ക്ഷേത്രത്തിനുമൊക്കെ പേരുകേട്ട ചരിത്ര നഗരമാണ് പശ്ചിമ ബംഗാളിലെ ബംഗുര ജില്ലയിലുള്ള ബിഷ്ണുപൂർ. ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് പോകുന്ന ഈ മണ്ഡലം കൗതുകകരമായ ഒരു തെരഞ്ഞെടുപ്പിനാണ് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. പരസ്പരം ബന്ധം വേർപ്പെടുത്തിയ രണ്ടു പേർ എതിർസ്ഥാനാർഥികളാകുന്ന കാഴ്ചയാണിവിടെ.
ടിഎംസിയുടെ സുജാത മൊണ്ഡലിനെതിരെയാണ് ബിജെപി സ്ഥാനാർഥി സൗമിത്ര ഖാൻ മത്സരിക്കുന്നത്. സൗമിത്രയുടെ മുൻ ഭാര്യയാണ് സുജാത. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ സിറ്റിംഗ് എംപിയുടെ മുൻ ഭാര്യയെ ഇറക്കി പോരാട്ടം കനപ്പിച്ചിരിക്കുകയാണ് ടിഎംസി.
2019ൽ ക്രിമിനൽ കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് മണ്ഡലത്തിൽ പ്രവേശിക്കാൻ സൗമിത്രക്ക് വിലക്കേർപ്പെടുത്തിയപ്പോൾ സുജാതയായിരുന്നു ഭർത്താവിന് വേണ്ടി പ്രചാരണത്തിനിറങ്ങിയത്. അന്ന് ഒരു റാലിയിൽ പോലും നേരിട്ട് പങ്കെടുക്കാതെ മുക്കാൽ ലക്ഷം വോട്ടിന് സൗമിത്ര വിജയക്കൊടി പാറി. തന്റെ വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് സുജാതയ്ക്കാണെന്നായിരുന്നു തെരഞ്ഞെടുപ്പിന് പിന്നാലെ സൗമിത്രയുടെ പ്രഖ്യാപനം.
ഇതിന് പിന്നാലെ വ്യക്തിപരമായ കാരണങ്ങളാൽ വേർപിരിയുകയാണെന്ന് വെളിപ്പെടുത്തി ഇരുവരും രംഗത്തെത്തി. സുജാത ടിഎംസിയിൽ ചേരുകയും ചെയ്തു. 2021ൽ അരംബാഗ് നിയമസഭാ സീറ്റിൽ മത്സരിച്ചെങ്കിലും ബിജെപിയോട് പരാജയപ്പെട്ടു. നീണ്ട നാളത്തെ കോടതി നടപടികൾക്കൊടുവിൽ 2023ൽ നിയമപരമായി ഇരുവരും വേർപിരിഞ്ഞു.
സൗമിത്രയ്ക്ക് പ്രാദേശികമായ പ്രശ്‌നങ്ങളിൽ ഒരു ശ്രദ്ധയും ഇല്ലെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സുജാത ആഞ്ഞടിച്ചത്. അടിക്കടി പാർട്ടി മാറ്റുന്നയാൾക്ക് എന്തെങ്കിലും മൂല്യങ്ങളുണ്ടോ എന്നായിരുന്നു സുജാതയുടെ ചോദ്യം.ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ സുജാത പണ്ട് ദുർമന്ത്രവാദിനി എന്ന് വിളിച്ചത് ഓർമിപ്പിച്ചാണ് സൗമിത്ര ഇതിന് മറുപടി നൽകിയത്.
ഒരുകാലത്ത് ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലമായിരുന്നു ബിഷ്ണുപൂർ.1971 മുതൽ 2014 വരെ 11 തവണയാണ് സിപിഎം ഇവിടെ സീറ്റ് നിലനിർത്തിയത്. എന്നാൽ 2014ൽ, അന്ന് കോടൂൽപൂരിലെ കോൺഗ്രസ് എംഎൽഎ ആയിരുന്ന സൗമിത്ര ടിഎംസി സ്ഥാനാർഥി ആയി മത്സരിച്ച് 45ശതമാനത്തിലധികം വോട്ടുകൾ കരസ്ഥമാക്കി. 2019ൽ തൃണമൂലിൽ നിന്ന് സൗമിത്ര ബിജെപിയിലെത്തി. 46 ശതമാനം വോട്ടുകളാണ് ഇത്തവണ സൗമിത്രയ്ക്ക് ലഭിച്ചത്. ഈ സമയം കൊണ്ട് മണ്ഡലത്തിൽ സിപിഎം കൂപ്പുകുത്തിയിരുന്നു. നിലവിൽ മുക്കുവ സമുദായത്തിൽ നിന്നുള്ള ശീതൾ കയ്ബാത്രയാണ് സിപിഎം സ്ഥാനാർഥി.