രാഹുലിനെ പുകഴ്ത്തി മുന്‍ പാക് മന്ത്രി; കോൺഗ്രസിനെ കടന്നാക്രമിച്ച് ബി.ജെ.പി
പാകിസ്താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് പദ്ധതിയിടുന്നുണ്ടോ എന്ന് അമിത് മാളവ്യ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്ത്തി മുൻ പാകിസ്താൻ മന്ത്രി.ഇമ്രാൻ മന്ത്രിസഭയിലെ ചൗധരി ഫവാദ് ഹുസൈനാണ് തന്റെ സോഷ്യൽമീഡിയയിലൂടെ രാഹുലിന്റെ വീഡിയോ പങ്കുവെച്ച് പുകഴ്ത്തിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങളിൽ ക്ഷണിക്കപ്പെട്ടവരെക്കുറിച്ചും ബി.ജെ.പി സർക്കാറിനെ കടന്നാക്രമിക്കുന്ന രാഹുൽ ഗാന്ധിയുടെ എഡിറ്റ് ചെയ്ത വീഡിയോയാണ് പാക് മന്ത്രി സോഷ്യൽമീഡിയായ എക്‌സിൽ പങ്കുവെച്ചട്ടുള്ളത്. അതേസമയം, രാഹുലിനെ പുകഴ്ത്തിയ പാക് മന്ത്രിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് ബി.ജെ.പി രംഗത്തെത്തി.
ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയാണ് കോൺഗ്രസിനെതിരെ രൂക്ഷവിമർശനുമായി രംഗത്തെത്തിയത്. 'ഇമ്രാൻ ഖാൻ മന്ത്രിസഭയിൽ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി സേവനമനുഷ്ഠിച്ച സി.എച്ച്. ഫവാദ് ഹുസൈൻ രാഹുൽ ഗാന്ധിയെ പ്രശംസിക്കുന്നു. പാകിസ്താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് പദ്ധതിയിടുന്നുണ്ടോ എന്ന് അമിത് മാളവ്യ എക്‌സ് പോസ്റ്റിൽ പറഞ്ഞു.
ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാലയും കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തി. കോൺഗ്രസിന് പാകിസ്താനുമായി വ്യക്തമായ ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.