രാജസ്ഥാനിൽ ബി.ജെ.പിക്ക് തിരിച്ചടി; ന്യൂനപക്ഷ മോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ കോണ്‍ഗ്രസില്‍
കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറിന്‍റെ മകന്‍റെ വിവാദ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വീഡിയോയും ബി.ജെ.പിക്കെതിരെ കോൺഗ്രസ് ആയുധമാക്കുന്നുണ്ട്
ജയ്‍പൂര്‍: രാജസ്ഥാനിൽ ബി.ജെ.പിക്ക് തിരിച്ചടി. ന്യൂനപക്ഷ മോർച്ച മുൻ സംസ്ഥാന അധ്യക്ഷനും മുന്‍മന്ത്രിയുമായ അമിൻ പഠാൻ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നു. കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറിന്‍റെ മകന്‍റെ വിവാദ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വീഡിയോയും ബി.ജെ.പിക്കെതിരെ കോൺഗ്രസ് ആയുധമാക്കുന്നുണ്ട്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ആണ് ന്യൂനപക്ഷ മോർച്ച മുൻ രാജസ്ഥാൻ സംസ്ഥാന അധ്യക്ഷൻ അമിൻ പഠാൻ കോൺഗ്രസിൽ ചേർന്നത്. ബി.ജെ.പി നൽകിയിരുന്ന ഉറപ്പുകൾ ലംഘിച്ചെന്നും അടൽ ബിഹാരി വാജ്പേയിയെ പോലുള്ള നേതാക്കൾ ഇന്ന് ബി.ജെ.പിയിൽ ഇല്ലെന്നും അമിൻ പഠാൻ ആരോപിച്ചു. ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കടന്നാക്രമിച്ചു. ഭരണപക്ഷത്തെ ചിലരുമായി ചേർന്ന് ബി.ജെ.പി നടത്തിയ ഗൂഢാലോചനയാണ് ചുവന്ന ഡയറി എന്ന് അശോക് ഗെഹ്ലോട്ട് വിമർശിച്ചു.
പ്രധാനമന്ത്രിക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രിയങ്കാ ഗാന്ധിയില് നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പ്രചരണ ആയുധമാക്കിയ ബി.ജെ.പിയെ കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറിൻ്റെ മകൻ്റെ വിവാദ വീഡിയോ ഉയർത്തിയാണ് കോൺഗ്രസ് പ്രതിരോധിക്കുന്നത്. കേന്ദ്രമന്ത്രിയുടെ മകൻ ഉൾപ്പെട്ട സാമ്പത്തിക വിവാദങ്ങളിൽ എന്ത് കൊണ്ട് ഇ.ഡി അന്വേഷണം നടത്തുന്നില്ലെന്ന് കോൺഗ്രസ് ചോദിച്ചു.