മധുരിക്കുന്ന ഓര്‍മകള്‍ക്ക് വിട; രസ്‌ന സ്ഥാപകന്‍ അരീസ് ഖമ്പട്ട അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്ന് അഹമ്മദാബാദിൽ വെച്ചായിരുന്നു അന്ത്യമെന്ന് കമ്പനി അറിയിച്ചു
അഹമ്മദാബാദ്: കുട്ടിക്കാല ഓര്‍മകള്‍ക്ക് രസ്നയുടെ രുചി പകര്‍ന്ന അരീസ് ഖമ്പട്ട(85) അന്തരിച്ചു. ജനപ്രിയ പാനീയമായ രസ്നയുടെ സ്ഥാപക ചെയര്‍മാനായ അരീസ് ശനിയാഴ്ചയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് അഹമ്മദാബാദിൽ വെച്ചായിരുന്നു അന്ത്യമെന്ന് കമ്പനി അറിയിച്ചു. ദീര്‍ഘകാലമായി അസുഖബാധിനായിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അരീസിന്‍റെ പിതാവ് ഫിറോജ ഖംബട്ട ആരംഭിച്ച ഒരു ചെറിയ ബിസിനസ്സ് സംരംഭമാണ് ഇന്ന് 60-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയായി മാറിയത്. ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന ശീതളപാനീയ ഉല്‍പന്നങ്ങള്‍ക്ക് പകരമായി 1970 കളില്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന ശീതളപാനീയമെന്ന നിലയിലാണ് അദ്ദേഹം രസ്‌ന നിര്‍മ്മിച്ചത്. നിലവില്‍ രാജ്യത്തെ 1.8 ദശലക്ഷം റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ രസ്‌ന വില്‍ക്കുന്നുണ്ട്.
നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ജെന്റില്‍ ഡ്രിങ്ക് ഫോക്കസ് പ്രൊഡ്യൂസറാണ് രസ്ന. 80ളിലും 90കളിലും ബ്രാന്‍ഡിന്‍റെ 'ഐ ലവ് യു രസ്‌ന' കാമ്പെയ്ന്‍ ഇപ്പോഴും ആളുകളുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. 5 രൂപയുടെ ഒരു പായ്ക്ക് രസ്‌ന ഉപയോഗിച്ച് 32 ഗ്ലാസ് ശീതളപാനീയമാക്കി മാറ്റാം. ഒരു ഗ്ലാസിന് 15 പൈസ മാത്രമാണ് ചെലവ് വരുന്നത്. രസ്നയ്ക്ക് രാജ്യത്ത് ആകെ ഒമ്പത് നിര്‍മ്മാണ പ്ലാന്‍റുകളുണ്ട്. കൂടാതെ 26 ഡിപ്പോകളും 200 സൂപ്പര്‍ സ്റ്റോക്കിസ്റ്റുകളും 5,000 സ്റ്റോക്കിസ്റ്റുകളും 900 സെയില്‍സ് ഫോഴ്സും ഉള്ള ശക്തമായ വിതരണ ശൃംഖലയും 1.6 ദശലക്ഷം ഔട്ട്ലെറ്റുകളും കമ്പനിക്കുണ്ട്.
ദി ഇന്‍റര്‍നാഷണൽ ടേസ്റ്റ് ആൻഡ് ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട്, ബെൽജിയം കാൻസ് ലയൺസ് ലണ്ടൻ, മോണ്ടെ സെലക്ഷൻ അവാർഡ്, മാസ്റ്റർ ബ്രാൻഡ് ദി വേൾഡ് ബ്രാൻഡ് കോൺഗ്രസ് അവാർഡ്, ITQI സുപ്പീരിയർ ടേസ്റ്റ് ആൻഡ് ക്വാളിറ്റി അവാർഡ്, ദി ഇന്റർനാഷണൽ ടേസ്റ്റ് ആൻഡ് ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ സുപ്പീരിയർ ടേസ്റ്റ് അവാർഡ് 2008 എന്നിവ ഉൾപ്പെടെ വിവിധ അവാർഡുകൾ രസ്ന നേടിയിട്ടുണ്ട്. ഇപ്പോള്‍ രസ്ന കമ്പനിയുടെ ചുമതല മകന്‍ പിറൂസ് ഖംബട്ടക്കാണ്. ഇന്ത്യന്‍ വ്യവസായ രംഗത്ത് അരീസ് ഖംബട്ട വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്ന് രസ്ന ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.
വേള്‍ഡ് അലയന്‍സ് ഓഫ് പാര്‍സി ഇറാനി സര്‍തോസ്റ്റിസിന്റെ (WAPIZ) മുന്‍ ചെയര്‍മാനായിരുന്നു ഖംബട്ട. അഹമ്മദാബാദ് പാഴ്സി പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റായും ഫെഡറേഷന്‍ ഓഫ് പാഴ്സി സൊരാസ്ട്രിയന്‍ അഞ്ജുമാന്‍സ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പെര്‍സിസാണ് ഭാര്യ. പിറൂസ്, ഡെല്‍ന, റുസാന്‍ എന്നിവര്‍ മക്കളാണ്. മരുമകള്‍ ബിനൈഷ, പേരക്കുട്ടികള്‍ അര്‍സീന്‍, അര്‍സാദ്, അവാന്‍, ആരിസ്, ഫിറോസ, അര്‍ണവാസ്.