ഗോമൂത്രവും ചാണകവും കൊണ്ട് കോവിഡ് ഭേദമാകില്ലെന്ന ഫേസ്ബുക്ക് കുറിപ്പ്; കസ്റ്റഡിയിലുള്ള സാമൂഹിക പ്രവർത്തകനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്

മണിപ്പൂരിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ എറെൻഡ്രോ ലിച്ചോമ്പത്തെയാണ് മണിപ്പൂർ പൊലീസ് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്

Update: 2021-07-19 11:46 GMT
Editor : Shaheer | By : Web Desk
Advertising

ഗോമൂത്രവും ചാണകവും കൊണ്ട് കൊറോണ വൈറസ് ഭേദകമാകില്ലെന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട മനുഷ്യാവകാശ പ്രവർത്തകനെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീംകോടതി. മണിപ്പൂരിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ എറെൻഡ്രോ ലിച്ചോമ്പം ആണ് ദേശീയ സുരക്ഷാ നിയമപ്രകാരം(എൻഎസ്എ) അറസ്റ്റിലായത്. എന്നാൽ, കേസ് പരിഗണിച്ച ഉന്നത കോടതി ഇദ്ദേഹത്തെ ഒരു ദിവസം പോലും തടവിലിടാനാകില്ലെന്നു വ്യക്തമാക്കി.

കഴിഞ്ഞ മെയ് 13നാണ് പ്രാദേശിക മാധ്യമ പ്രവർത്തകൻ കിഷോർചന്ദ്ര വാങ്കെമിനൊപ്പം എറെൻഡ്രോയെ ഫേസ്ബുക്ക് കുറിപ്പുകൾ ചൂണ്ടിക്കാട്ടി മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മണിപ്പൂർ ബിജെപി വൈസ് പ്രസിഡന്റ് ഉഷം ദേബൻ, ജനറൽ സെക്രട്ടറി പി പ്രേമാനന്ദ മീട്ടൈ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മണിപ്പൂർ ബിജെപി പ്രസിഡന്റ് എസ് തികേന്ദ്ര സിങ് കോവിഡ് ബാധിച്ചു മരിച്ചതിനു പിറകെയായിരുന്നു ഇരുവരുടെയും ഫേസ്ബുക്ക് പോസ്റ്റ്.

എന്നാൽ, ഇന്നു വൈകീട്ട് അഞ്ചു മണിക്കുമുൻപായി തന്നെ എറെൻഡ്രോയെ മോചിപ്പിക്കണമെന്ന് കേസ് പരിഗണിച്ച സുപ്രീംകോടതി ജഡ്ജിമാരായ ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ ഉത്തരവിട്ടു. ഭരണഘടനയിലെ 21-ാം വകുപ്പു പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇദ്ദേഹത്തിന്റെ അറസ്റ്റെന്ന് ബെഞ്ച് വ്യക്തമാക്കി. സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേസിൽ വാദംകേൾക്കൽ നാളത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

മണിപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയായ പീപ്പിൾസ് റിസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസിന്റെ കൺവീനറാണ് എറെൻഡ്രോ ലിച്ചോമ്പം. ഇതിനുമുൻപും മറ്റൊരു ഫേസ്ബുക്ക് കുറിപ്പിന്റെ പേരിൽ ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെയും ഫേസ്ബുക്ക് വിഡിയോയിലൂടെ വിമർശിച്ചതിന് കിഷോർചന്ദ്ര വാങ്കെമിനെതിരെ 2018ലും എൻഎസ്എ ചുമത്തിയിരുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News