അയോധ്യയിലും വേളാങ്കണ്ണിയിലും അജ്മീറിലും സൗജന്യ തീർത്ഥാടനത്തിന് അവസരം;ഗോവയിൽ വിശ്വാസികളെ ലക്ഷ്യമിട്ട് എ.എ.പി
ആദ്യ രണ്ട് വർഷത്തിനകം തന്നെ 35000 പേർക്ക് എ.സി കോച്ചുകളിൽ തീർത്ഥാടന കേന്ദ്രങ്ങളിലെത്താനുള്ള സൗകര്യമൊരുക്കും
ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് ആം.ആദ്മി.പാര്‍ട്ടി. സംസ്ഥാനത്തെ വിശ്വാസി സമൂഹത്തെ ലക്ഷ്യമിട്ടാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിലൊന്ന്. ഗോവയിൽ ആം.ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ എല്ലാ വിശ്വാസി സമൂഹങ്ങൾക്കും അവരുടെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ സൗജന്യ തീർത്ഥാടനത്തിന് അവസരമൊരുക്കുമെന്ന് ആം.ആദ്മി.പാർട്ടി ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു.
'ആം.ആദ്മി.പാർട്ടി ഗോവയിൽ അധികാരത്തിലെത്തിയാൽ ഹിന്ദുക്കൾക്ക് അയോധ്യയിലേക്കും ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണിയിലേക്കും മുസ്ലീങ്ങൾക്ക് അജ്മീറിലേക്കും സായ് ബാബയുടെ ആരാധകർക്ക് ഷിർധി ക്ഷേത്രത്തിലേക്കും സൗജന്യതീർത്ഥാടനത്തിന് അവസരമൊരുക്കും.ആദ്യ രണ്ട് വർഷത്തിനകം തന്നെ 35000 പേർക്ക് എ.സി കോച്ചുകളിൽ തീർത്ഥാടന കേന്ദ്രങ്ങളിലെത്താനുള്ള സൗകര്യമൊരുക്കും'. അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ഗോവയിൽ വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആം.ആദ്മി.പാർട്ടി പ്രഖ്യാപിച്ചത്. അധികാരത്തിലെത്തിയാൽ ഓരോ കുടുംബത്തിലെയും തൊഴിൽരഹിതനായ ഒരംഗത്തിന് 5000 രൂപ തൊഴിലില്ലായ്മ വേതനം നല്‍കുമെന്നും ഓരോ കുടുംബത്തിനും 300 യൂനിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്നും അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു.