ശ്രീനഗറിലെ ജാമിഅ മസ്ജിദിൽ 10 ആഴ്ചയ്ക്ക് ശേഷം വെള്ളിയാഴ്ച നമസ്കാരത്തിന് അനുമതി
ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ പ്രതിഷേധം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്.
ശ്രീനഗർ: കശ്മീരിലെ ഏറ്റവും വലിയ പള്ളിയായ ശ്രീനഗർ ജാമിഅ മസ്ജിദിൽ 10 ആഴ്ചയ്ക്കു ശേഷം വെള്ളിയാഴ്ച പ്രാർഥനയ്ക്ക് അനുമതി. രണ്ടര മാസക്കാലം നീണ്ടുനിന്ന വിലക്കിന് ശേഷമാണ് അധികൃതർ ജുമുഅ നമസ്‌കാരത്തിന് അനുമതി നൽകിയത്.
“പള്ളിയിൽ വെള്ളിയാഴ്‌ച പ്രാർഥനകൾ അനുവദിക്കുകയും അത് ഇന്ന് തടസങ്ങളൊന്നുമില്ലാതെ നടക്കുകയും ചെയ്‌തു”- ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ, മസ്ജിദിൽ വെള്ളിയാഴ്ച പ്രഭാഷണം നടത്തുന്ന മിർവായിസ് ഉമർ ഫാറൂഖിനെ നഗരത്തിലെ നിജീൻ ഏരിയയിലെ വസതിയിൽ നിന്ന് പുറത്തിറങ്ങാൻ അധികൃതർ അനുവദിച്ചില്ല. ഇദ്ദേഹം ഇപ്പോഴും വീട്ടുതടങ്കലിലാണ്.
ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെയും ഫലസ്തീനെ പിന്തുണച്ചും പ്രതിഷേധം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് 70 ദിവസങ്ങൾക്ക് മുമ്പ്, ഒക്ടോബർ 13ന് അധികൃതർ ജാമിഅ മസ്ജിദ് അടച്ചുപൂട്ടി സീൽവച്ചത്.
മുതിർന്ന ഹുരിയത്ത് നേതാവും ഓൾ പാർട്ടി ഹുരിയത്ത് കോൺഫറൻസ് ചെയർമാനുമായ മിർവായിസ് ഉമർ ഫാറൂഖിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. നാല് വർഷത്തെ വീട്ടുതടങ്കലിന് ശേഷം മിർവായിസ് ഉമർ ഫാറൂഖിനെ ഒക്ടോബർ ആദ്യ വാരമായിരുന്നു മോചിപ്പിച്ചത്. എന്നാൽ ഒരാഴ്ചയ്ക്കു ശേഷം വീണ്ടും വീട്ടുതടങ്കലിലാക്കുകയായിരുന്നു.
വെള്ളിയാഴ്ച പ്രാർഥന അനുവദിക്കില്ലെന്ന് അറിയിക്കുകയല്ലാതെ അതിന്റെ കാരണങ്ങൾ ഒന്നും പൊലീസ് വ്യക്തമാക്കിയിരുന്നില്ലെന്ന് മസ്ജിദിന്റെ മാനേജിങ് ബോഡിയായ അഞ്ജുമ ഔഖാഫ് ജുമാ മസ്ജിദ് അംഗം പറഞ്ഞിരുന്നു.