പിഎന്‍ബി തട്ടിപ്പ്; ഒളിവിൽ കഴിയുന്ന വ്യവസായി മെഹുല്‍ ചോക്സി ബെൽജിയത്തിലെന്ന് റിപ്പോർട്ട്

ചോക്‌സിയെ വിട്ടുകിട്ടാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു

Update: 2025-03-23 07:30 GMT
Editor : സനു ഹദീബ | By : Web Desk
പിഎന്‍ബി തട്ടിപ്പ്; ഒളിവിൽ കഴിയുന്ന വ്യവസായി മെഹുല്‍ ചോക്സി ബെൽജിയത്തിലെന്ന് റിപ്പോർട്ട്
AddThis Website Tools
Advertising

ന്യൂ ഡൽഹി: വൻ സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിവില്‍ കഴിയുന്ന രത്ന വ്യാപാരി മെഹുല്‍ ചോക്സി ബെൽജിയത്തിലുണ്ടെന്ന് റിപ്പോർട്ട്. ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം മെഹുൽ ബെൽജിയത്തിലെ ആന്റ്‌വെർപ്പിൽ താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബെൽജിയം പൗരത്വം കിട്ടാനായി വ്യാജരേഖകൾ ഹാജരാക്കിയതായും റിപ്പോർട്ടുകൾ ഉണ്ട്. ചോക്‌സിയെ വിട്ടുകിട്ടാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു.

പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 13500 കോടി തട്ടിയ കേസിലെ പ്രതിയാണ് മെഹുൽ ചോക്സി. കരീബിയൻ ദ്വീപ് രാഷ്രമായ ആന്റി​ഗ്വ ആൻഡ് ബാർബുഡയിലാണ് മെഹുൽ ചോക്സി നേരത്തെ താമസിച്ചിരുന്നത്. എന്നാൽ ഇന്ത്യയിലെയും ആന്റി​ഗ്വ ആൻഡ് ബാർബുഡയിലെയും പൗരത്വം മറച്ചുവെച്ചാണ് മെഹുൽ ബെൽജിയൻ പൗരത്വം നേടിയത്. 2023 നവംബറിലാണ് മെഹുൽ ചോക്‌സിക്ക് ബെൽജിയത്തിൽ നിന്ന് 'എഫ് റെസിഡൻസി കാർഡ്' ലഭിച്ചത്. മെഹുലിന്റെ ഭാര്യ ബെൽജിയം പൗരയാണ്. മികച്ച കാൻസർ ചികിത്സക്കായി ചോക്‌സി സ്വിറ്റ്സർലൻഡിലേക്ക് മാറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ മാത്രം നാലായിരത്തിലേറെ ശാഖകളുള്ള ഗീതാഞ്ജലി ജ്വല്ലറിയുടെ ഉടമയാണ് മെഹുല്‍ ചോക്സി. പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളില്‍ നിന്ന് 13,000 കോടി രൂപ വായ്പയെടുത്ത് മെഹുല്‍ ചോക്സിയും അനന്തരവന്‍ നീരവ് മോദിയും തിരിച്ചടക്കാതെ രാജ്യം വിടുകയായിരുന്നു. നിലവിൽ ലണ്ടനിലെ ജയിലിൽ കഴിയുകയാണ് നീരവ് മോദി.നിരവധി തവണ ജാമ്യാപേക്ഷ നൽകിയെങ്കിലും ഇതെല്ലാം കോടതി തള്ളിയിരുന്നു.

പിഎന്‍ബി തട്ടിപ്പ് മാധ്യമങ്ങള്‍ അറിയുന്നതിന് ദിവസങ്ങള്‍ക്കുമുന്‍പ് മെഹുല്‍ ചോക്സി ഇന്ത്യ വിട്ടിരുന്നു. മോദി സര്‍ക്കാരിന്‍റെ ഒത്താശയോടെയാണ് ഇരുവരും തട്ടിപ്പ് നടത്തിയതും രാജ്യം വിട്ടതെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News