സ്വാതന്ത്ര്യദിനാഘോഷം; ഡൽഹിയിൽ പഴുതടച്ച സുരക്ഷ, ചെങ്കോട്ടയിൽ സേനാവിഭാഗങ്ങളുടെ റിഹേഴ്സൽ
വിഭജനത്തിന്റെ ഓർമദിനമായി ഇന്നത്തെ ദിവസം ആചരിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഡൽഹിയിൽ അന്തിമ ഘട്ടത്തിൽ. ചെങ്കോട്ടയിൽ വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ ഇന്ന് നടക്കും. വിഭജനത്തിന്റെ ഓർമദിനമായി ഇന്നത്തെ ദിവസം ആചരിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യ -പാകിസ്ഥാൻ വിഭജനത്തിൽ സംഭവിച്ച മുറിവുകളുടെ ഓർമദിനമായി ആഗസ്റ്റ് 14 ആചരിക്കണമെന്നാണ് നിർദേശം. ഡൽഹിയിലുൾപ്പടെ വിവിധ സംസ്ഥാനങ്ങളിലായി പ്രദർശനങ്ങളും സെമിനാറുകളും കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.
നാളെ ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തും. അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിങ്ങനെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച 1800 ഓളം പേരെ ചെങ്കോട്ടയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഡൽഹിയിലെ എട്ട് റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഐ.ടി.ഓ, പാർലമെന്റ്, ചെങ്കോട്ട എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.