ഗാന്ധിജിയുടെ പ്രിയഗാനം റിപബ്ലിക് ഡേ ചടങ്ങിൽനിന്ന് ഒഴിവാക്കി

ദൈവത്തോടുള്ള പ്രാർത്ഥനയാണ് ഗാനത്തിന്റെ ഉള്ളടക്കം. മഹായുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരെ ആദരിച്ചുള്ളതുമാണ് ഗാനം

Update: 2022-01-22 12:26 GMT
Advertising

മഹാത്മാ ഗാന്ധിയുടെ പ്രിയഗാനം റിപബ്ലിക് ഡേ ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽനിന്ന് ഒഴിവാക്കി. റിപബ്ലിക് ആഘോഷങ്ങളുടെ സമാപനമായി എല്ലാ വർഷവും ജനുവരി 29ന് നടക്കുന്ന ചടങ്ങിൽനിന്ന് 'അബിഡെ വിത്ത് മി' എന്ന ഗാനമാണ് ഒഴിവാക്കിയത്. 1950 മുതൽ അവതരിപ്പിച്ച് വരുന്നതാണ് സ്‌കോട്ടിഷ് ആംഗ്ലിക്കൻ സാഹിത്യകാരനായ ഹെൻട്രി ഫ്രാൻസിസ് ലൈറ്റ് എഴുതിയ ഈ ഗാനം. വില്യം ഹെൻട്രി മോങ്ക് സംഗീതം നൽകിയ ഗാനം 2020ലാണ് ആദ്യമായി ഒഴിവാക്കിയത്. ദൈവത്തോടുള്ള പ്രാർത്ഥനയാണ് ഗാനത്തിന്റെ ഉള്ളടക്കം. മഹായുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരെ ആദരിച്ചുള്ളതുമാണ് ഗാനം.

ഡൽഹി ഇന്ത്യാഗേറ്റിൽ അരനൂറ്റാണ്ടായി അണയാതെ കത്തിയ അമർ ജവാൻ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം. റിപബ്ലിക് ഡേ ചടങ്ങുകളിലടക്കം നേരത്തെ ബ്രിട്ടീഷ് മാർഷ്യൽ സംഗീതമാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ സംഗീതജ്ഞരുടെ ഗാനങ്ങൾ കൊണ്ടുവരികയാണ്. ഈ വർഷം ലതാ മങ്കേഷ്‌കറുടെ ഗാനമായ 'ഐ മേരേ വതൻ കെ ലോഗോൻ' ട്യൂണുകളുടെ ലിസ്റ്റിലുണ്ട്. 'അബിഡെ വിത്ത് മി' ഒഴിവാക്കിയതിൽ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതിലെ സന്ദേശം ദേശവിരുദ്ധമാണോയെന്ന ചോദ്യമാണ് എൻഡി ടിവിയിലെ മാധ്യമപ്രവർത്തകൻ വിഷ്ണു സോം ട്വിറ്ററിൽ ഉയർത്തിയത്. വിദ്വേഷത്തിന് അവസാനമില്ലെന്നായിരുന്നു മൻ അമാൻ സിങ് ഛിന്നയെന്ന അക്കൗണ്ടിലെ പ്രതികരണം. മറ്റൊരാൾ ഗാനത്തിന്റെ ട്യൂൺ വായിച്ച് പ്രതിഷേധമറിയിച്ചു.

പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ഡൽഹി ഇന്ത്യാഗേറ്റിൽ അരനൂറ്റാണ്ടായി അണയാതെ കത്തിയ അമർ ജവാൻ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചത്. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. അമർജവാൻ ജ്യോതി കെടുത്തുന്നതിനെതിരെ രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ എതിർപ്പ് അവഗണിച്ചാണ് ചടങ്ങുകൾ നടത്തിയത്. 1971 ലെ പാകിസ്താൻ യുദ്ധവിജയത്തിന് ശേഷം രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ ഓർമയ്ക്കയായിട്ടാണ് അമർ ജവാൻ ജ്യോതി സ്ഥാപിച്ചത്.



ബംഗ്ലാദേശിന്റെ രൂപീകരണത്തിന് വഴിയൊരുക്കിയ പോരാട്ട ജയത്തിന് ശേഷം 1972 ജനുവരി 26 ന് അമർജവാൻ ജ്യോതിയിൽ ദീപനാളം കൊളുത്തിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. അന്ന് മുതൽ ഇന്ന് വൈകുന്നേരം വരെ കെട്ടുപോകാതെ രാജ്യം കാത്തു സൂക്ഷിച്ചു. ഒന്നാം ലോക മഹായുദ്ധത്തിൽ ജീവൻ സമർപ്പിച്ചു പോരാടിയ ധീര ജവാന്മാരുടെ ഓർമയ്ക്കായി 1931 ഇൽ പൂർത്തിയാക്കിയ ഇന്ത്യ ഗേറ്റിന്റെ കീഴിലാണ്, കുത്തി നിർത്തിയ തോക്കിനേയും മുകളിലെ തൊപ്പിയെയും സാക്ഷിയാക്കി ജ്യോതി രാപകൽ ഭേദം തെളിഞ്ഞു നിന്നത്. മൂന്ന് സേനകൾക്കും കൂടിയായിരുന്നു സംരക്ഷണ ചുമതല.

Mahatma Gandhi's favorite song Abide with Me omitted from Republic Day Beating Retreat

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News