ഗൗരി ലങ്കേഷ് വധം: പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

2017 സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നിൽ തീവ്രഹിന്ദുത്വ പ്രവർത്തകരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്.

Update: 2022-10-24 04:08 GMT
Advertising

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. സ്വാഭാവിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ ഋഷികേശ് ദേവ്ദികർ സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. മഹാരാഷ്ട്ര സ്വദേശിയായ ഋഷികേശ് 2020 ജനുവരിയിലാണ് അറസ്റ്റിലായത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 167(2) വകുപ്പ് പ്രകാരം സ്വാഭാവിക ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി സമർപ്പിച്ച ഹരജി സെഷൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയാണ് ഋഷികേശ് ഹൈക്കോടതിയെ സമീപിച്ചത്.

കൊലക്കേസിൽ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ള കുറ്റപത്രം സമർപ്പിക്കണം. എന്നാൽ 2020 ഏപ്രിൽ വരെ തനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. അതിനാൽ സ്വാഭാവിക ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അതേസമയം, അറസ്റ്റ് ചെയ്യുന്നതിന് മുമ്പുതന്നെ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു.

2017 സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നിൽ തീവ്രഹിന്ദുത്വ പ്രവർത്തകരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. 2018 നവംബർ 23നാണ് പ്രത്യേക അന്വേഷണ സംഘം കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 18 പേരെ പ്രതിചേർത്ത് 9325 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. സനാതൻ സൻസ്ത ഉൾപ്പെടെയുള്ള തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള പരശുറാം വാഗ്മൊറെ എന്നയാൾ ഗൗരി ലങ്കേഷിന് നേരെ വെടിയുതിർത്തെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News