പുതിയ പാർട്ടിയില്ല; രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം- ഗുലാം നബി ആസാദ്
നേതൃത്വം വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല
ജമ്മു കശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കാനുദ്ദേശിക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. എന്നാൽ രാഷ്ട്രീയത്തിൽ ഇനി എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
ജമ്മുകശ്മീരിൽ ഗുലാം നബി ആസാദ് അടുത്തിടെ നടത്തിയ നിരവധി യോഗങ്ങൾ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ വിശ്വസ്തരായ 20 പേർ കോൺഗ്രസ് സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചതും ചർച്ചകൾക്ക് ആക്കം കൂട്ടി.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുകളഞ്ഞതിന് ശേഷം നിലച്ച രാഷ്ട്രീയ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനാണ് റാലികൾകൊണ്ട് ഉദ്ദേശിച്ചതെന്നു ആസാദ് പറഞ്ഞു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തെപ്പോലെ ഇന്ന് വിമർശനത്തിന് സ്ഥാനമില്ലെന്ന് കഴിഞ്ഞ നാല് പതിറ്റാണ്ടായി കോൺഗ്രസിന്റെ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ആസാദ് പറഞ്ഞു.റംബാനിലെ ഒരു പൊതുയോഗത്തിന് ശേഷം എൻ.ഡി.ടി.വിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ആരും നേതൃത്വത്തെ വെല്ലുവിളിക്കുന്നില്ല. ഇന്ദിരാഗാന്ധിയും രാജീവ്ജിയുമാകട്ടെ തെറ്റായ കാര്യങ്ങൾ നടക്കുമ്പോൾ അതിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്ക് തന്നിരുന്നു. അതിനെ അപകീർത്തികരമായി കണ്ടിരുന്നില്ല. എന്നാൽ ഇന്ന് നേതൃത്വം വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല. ഇന്ദിരഗാന്ധി ശുപാർശ ചെയ്ത രണ്ടുപേരെ യൂത്ത് കോൺഗ്രസിൽ ജനറൽ സെക്രട്ടറിമാരായി നിയമിക്കുന്നതിനോട് താൻ വിസമ്മതിച്ചു. എന്നാൽ ഈ രീതിയിൽ താങ്കൾ എപ്പോഴും തുടരുക എന്നാണ് അവർ പറഞ്ഞത്. 'രാജീവ് ഗാന്ധി രാഷ്ട്രീയത്തിൽ വന്നപ്പോൾ, ഇന്ദിരാഗാന്ധി ഞങ്ങളെ രണ്ടുപേരെയും വിളിപ്പിച്ചു. എന്നിട്ട് രാജീവിനോട് പറഞ്ഞു. ഗുലാം നബിക്ക് ഒരു കാര്യം വേണ്ടെന്ന് പറയുമ്പോൾ അത് പാർട്ടിയുടെ നന്മക്കായിരിക്കും. ഇന്ന് നോ എന്ന വാക്ക് കേൾക്കാൻ ആരുമില്ല. അങ്ങനെ പറയുകയാണെങ്കിൽ നിങ്ങൾ ആരുമല്ലാതാകും. താൻ എപ്പോൾ മരിക്കുമെന്ന് ആർക്കും പ്രവചിക്കാൻ പറ്റാത്തത് പോലെയാണ് രാഷ്ട്രീയത്തിൽ ഇനിയെന്ത് സംഭവിക്കുമെന്നതും.
താൻ രാഷ്ട്രീയം ഉപേക്ഷിക്കാൻ ആഗ്രഹിച്ചിരുന്നു പക്ഷേ തന്നെ പിന്തുരുന്ന ലക്ഷകണക്കിന് പേർക്ക് വേണ്ടിയാണ് ആ തീരുമാനം മാറ്റിയത്.കഴിഞ്ഞ രണ്ടുവർഷമായി ജനങ്ങളും പാർട്ടി നേതൃത്വവും തമ്മിലൊരു അകലമുണ്ട്. 2019 ആഗസ്റ്റ് അഞ്ചുമുതൽ സംസ്ഥാനത്തെ തരംതാഴ്ത്തുകയും ആർട്ടികൾ 370 റദ്ദാക്കി, എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും നിർത്തി. ആയിരക്കണക്കിന് പേർ ജയിലിൽ കിടന്നു. പുറത്തുള്ളവരെയും രാഷ്ട്രീയപ്രവർത്തനം നടത്താൻ അനുവദിച്ചില്ല. അതിനാൽ ഞാൻ പുതിയൊരു വഴി കണ്ടെത്തി ഈ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കോൺഗ്രസിലെ രാജികളെക്കുറിച്ചും ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ ഗുലാം അഹമ്മദ് മിറിന്റെ അഭാവത്തെക്കുറിച്ചും ആസാദ് പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം എല്ലാവരും കോൺഗ്രസുകാരാണ്, ഞാൻ ജമ്മു കശ്മീരിൽ ആയിരിക്കുമ്പോൾ, ഞാൻ കോൺഗ്രസ് പാർട്ടിയെക്കുറിച്ചോ ഒരു പ്രത്യേക വിഭാഗം ആളുകളെക്കുറിച്ചോ മാത്രം സംസാരിക്കില്ല. കുറച്ച് ജോലി ചെയ്യുന്നവരും നന്നായി ജോലി ചെയ്യുന്നവരുണ്ട്. കൂടുതൽ ജോലി ചെയ്യുന്ന കൂട്ടത്തിലാണ് ഞാൻ. ആമയെ പോലെ നീങ്ങാൻ ഇഷ്ടപ്പെടുന്നില്ല. 40 വർഷം മുമ്പുണ്ടായിരുന്ന അതേ ഊർജം തനിക്കുണ്ടെന്നും ഒരു ദിവസം 16 റാലികൾ പോലും നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.