100 രൂപ മുതല്‍ 64 ലക്ഷം രൂപ വരെ; പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ഇ-ലേലത്തിന്

തിങ്കളാഴ്ച ആരംഭിച്ച ഇ-ലേലം ഒക്ടോബർ 31ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു

Update: 2023-10-04 03:02 GMT
Editor : Jaisy Thomas | By : Web Desk

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍

Advertising

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ഇ-ലേലത്തിന്. സമീപകാലത്ത് മോദിക്ക് സമ്മാനിച്ച നിരവധി സമ്മാനങ്ങളും മൊമന്‍റോകളും ഡല്‍ഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്‌സിൽ നടന്ന പ്രദർശനത്തിന്‍റെ ഭാഗമായി പ്രദർശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിച്ച ഇ-ലേലം ഒക്ടോബർ 31ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു.

"ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും കലാപരമായ പൈതൃകത്തിന്‍റെയും തെളിവാണ്" പ്രദര്‍ശനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. “എല്ലായ്‌പ്പോഴും എന്നപോലെ, ഈ ഇനങ്ങൾ ലേലം ചെയ്യപ്പെടുകയും വരുമാനം നമാമി ഗംഗേ സംരംഭത്തെ പിന്തുണക്കുന്നതിനായി മാറ്റിവയ്ക്കും. അവ സ്വന്തമാക്കാനുള്ള നിങ്ങളുടെ അവസരം ഇതാ! കൂടുതലറിയാൻ NGMA സന്ദർശിക്കുക. വ്യക്തിപരമായി സന്ദർശിക്കാൻ കഴിയാത്തവർക്കായി വെബ്സൈറ്റ് ലിങ്ക് പങ്കിടുന്നു'' ട്വീറ്റില്‍ പറയുന്നു. 100 രൂപ മുതലുള്ള ഉപഹാരങ്ങള്‍ ലേലത്തില്‍ ലഭ്യമാണ്. ബനാറസ് ഘട്ടിന്‍റെ പെയിന്‍റിംഗിനാണ് ഏറ്റവും ഉയര്‍ന്ന വില. 64,80,000 രൂപയാണ് ഇതിന്‍റെ വില. 900 പെയിന്‍റിംഗുകൾ, തദ്ദേശീയ കരകൗശല വസ്തുക്കൾ, സങ്കീർണമായ ശിൽപങ്ങൾ, ആകർഷകമായ നാടൻ വസ്തുക്കൾ എന്നിവയുൾപ്പെടെ മറ്റ് സമ്മാനങ്ങള്‍ക്ക് 100 രൂപ മുതൽ 64 ലക്ഷം രൂപ വരെ വിലയുണ്ട്. ഇതിൽ 150 എണ്ണം ദേശീയ തലസ്ഥാനത്തെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ഇതിനകം പ്രദർശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവ pmmementos.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

2019 ജനുവരിയില്‍ ആരംഭിച്ച ലേല പരമ്പരയുടെ അഞ്ചാം പതിപ്പാണിത്. കേന്ദ്ര സാംസ്‌കാരിക സഹമന്ത്രി മീനാക്ഷി ലേഖിയാണ് തിങ്കളാഴ്ച എൻജിഎംഎ സന്ദർശിച്ച് പ്രധാനമന്ത്രിയുടെ മെമന്റോകളുടെ അഞ്ചാം റൗണ്ട് ഇ-ലേലം പ്രഖ്യാപിച്ചത്. ''കഴിഞ്ഞ നാല് എഡിഷനുകളിലായി 7,000-ലധികം ഇനങ്ങൾ ഇ-ലേലത്തിൽ വെച്ചിട്ടുണ്ട്, ഇത്തവണ 912 ഇനങ്ങളാണ് ഇ-ലേലത്തിനുള്ളത്," സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ലേഖി പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News