ഏഴുവർഷം മുമ്പ് 'കൊല്ലപ്പെട്ട' യുവതി കല്യാണം കഴിച്ച് ജീവിക്കുന്നു; 'കൊലപാതകി' ഇപ്പോഴും ജയിലിൽ
ശിക്ഷ അനുഭവിക്കുന്ന വിഷ്ണുവിന്റെ അമ്മയാണ് 'മരിച്ച' പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്
അലിഗഡ്: ഏഴുവർഷം മുമ്പ് കൊല്ലപ്പെട്ടെന്ന് കരുതിയ യുവതിയെ ജീവനോടെ കണ്ടെത്തി. ഉത്തർപ്രദേശിലെ അലിഗഢ് ജില്ലയിലാണ് സംഭവം നടന്നത്. കല്യാണം കഴിച്ച് കുടുംബജീവിതം നയിക്കുകയായിരുന്നു ഇവർ. എന്നാൽ ഈ യുവതിയുടെ കൊലപാതകക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ യുവാവ് ഇപ്പോഴും ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യം.
കൗമാരപ്രായത്തിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ വിഷ്ണു എന്നയാളെ കോടതി 7 വർഷം തടവിനാണ് ശിക്ഷിച്ചത്. എന്നാൽ അതിനിടയിലാണ് യുപിയിലെ ഹത്രാസ് ജില്ലയിൽ നിന്ന് പെൺകുട്ടിയെ പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജയിൽ ശിക്ഷ അനുഭവിക്കുന്ന വിഷ്ണുവിന്റെ അമ്മ സുനിതയാണ് 'മരിച്ച' പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തുകയും ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഹത്രാസിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്.
യുവതിക്ക് മറ്റൊരാളോട് പ്രണയമുണ്ടായിരുന്നു. അയാൾക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച് ഹത്രാസ് ജില്ലയിലെ ഒരു ഗ്രാമത്തിൽ ജീവിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. യുവതിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അലിഗഡ് കോടതിയെ സമീപിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന യുവതി സ്വന്തം മകളാണെന്ന് പെൺകുട്ടിയുടെ പിതാവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഏഴ് വർഷം മുമ്പ്, ആഗ്രയിൽ നിന്ന് കണ്ടെത്തിയ അജ്ഞാത മൃതദേഹം മകളുടേതാണെന്നും കുടുംബം തിരിച്ചറിഞ്ഞിരുന്നു.
മകനെ ചെയ്യാത്ത തെറ്റിന് ജയിലിൽ കിടത്തിയവർക്കെതിരെ കർശന നടപടി വേണമെന്ന് വിഷ്ണുവിന്റെ അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. നിരപരാധിയായ തന്റെ മകന് നീതി തേടിയാണ് അവർ കോടതിയെ സമീപിച്ചിരിക്കുന്നത്.