ജെകെ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷനായി മണിക്കൂറുകൾ മാത്രം; രാജിവെച്ച് ഗുലാം നബി ആസാദ്
പാർട്ടിയുടെ അഖിലേന്ത്യാ രാഷ്‌ട്രീയകാര്യ സമിതിയിൽ അംഗമായതിനാൽ പ്രചാരണ സമിതിയിലെ നിയമനം തന്നെ തരംതാഴ്ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ഗുലാം നബി രാജിവെച്ചതെന്നും അഭ്യൂഹങ്ങളുണ്ട്
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചു. അധ്യക്ഷസ്ഥാനത്തേക്ക് നിയമിതനായി മണിക്കൂറുകൾക്കുള്ളിലാണ് രാജി. ആരോഗ്യപരമായ കാരണങ്ങളാലാണ് ജെകെ പ്രചാരണ സമിതിയുടെ തലപ്പത്തേക്ക് വരാൻ അദ്ദേഹം വിസമ്മതിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തന്റെ തീരുമാനം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചുവെന്നും അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ തെരഞ്ഞെടുത്തതിൽ നന്ദി പറയുന്നുവെന്നും ഗുലാം നബി പ്രതികരിച്ചു.
അതേസമയം, പാർട്ടിയുടെ അഖിലേന്ത്യാ രാഷ്‌ട്രീയകാര്യ സമിതിയിൽ അംഗമായതിനാൽ പ്രചാരണ സമിതിയിലെ നിയമനം തന്നെ തരംതാഴ്ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ഗുലാം നബി രാജിവെച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. മുതിർന്ന നേതാവും ജമ്മു കശ്മീരിലെ മുൻ മന്ത്രിയുമായ ഗുലാം നബി ആസാദ് ഏറെ നാളായി പാർട്ടിയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. രണ്ട് വർഷങ്ങൾക്ക് മുൻപ് സംഘടനാപരമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളുടെ സംഘത്തിൽ പ്രധാനി കൂടിയായിരുന്നു അദ്ദേഹം. അങ്ങനെയിരിക്കെ അദ്ദേഹത്തിന് പ്രചാരണ കമ്മിറ്റി അധ്യക്ഷ സ്ഥാനം നൽകിയതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.
നേരത്തെ ഗുലാം നബിയുടെ അടുത്ത സഹായിയായ ഗുലാം അഹമ്മദ് മിറിനെ പാർട്ടിയുടെ ജമ്മു കശ്മീർ ഘടകം മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ മാസമാണ് മിർ സ്ഥാനമൊഴിഞ്ഞത്. പിന്നാലെ മിറിന് പകരം വികാരർ റസൂൽ വാനിയെ അധ്യക്ഷനായും രാമൻ ഭല്ലയെ വർക്കിങ് പ്രസിഡന്റായും നിയമിച്ച് സോണിയാ ഗാന്ധി ഉത്തരവിറക്കുകയും ചെയ്തു. പുനഃസംഘടനയുടെ ഭാഗമായാണ് നടപടിയെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ വാദം.
ഇതിന് തൊട്ടുപിന്നാലെയാണ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഗുലാം നബി ആസാദിന് നൽകിയത്. നിയമനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ രാജിവെക്കാൻ ഗുലാം നബിയെ പ്രേരിപ്പിച്ചത് പാർട്ടി നേതൃത്വത്തിന്റെ പുതിയ പരിഷ്കാരങ്ങളോടുള്ള എതിർപ്പാണെന്നും റിപ്പോർട്ടുകളുണ്ട്.