'അവരെന്‍റെ കുഞ്ഞിനെ കത്തിച്ചുകളഞ്ഞു, ചിതാഭസ്മം ഏറ്റുവാങ്ങാന്‍ വരാന്‍ പറഞ്ഞു': ഹൃദയം തകര്‍ന്ന് ആ അമ്മ
തന്‍റെ നിലവിളി കേട്ട് ഓടിവന്നവര്‍ വെള്ളമൊഴിച്ച് ചിത അണയ്ക്കാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടിയുടെ അമ്മ
ഡൽഹിയിൽ ഒന്‍പതുകാരിയായ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മാതാപിതാക്കളുടെ സമ്മതമില്ലാതെ കൊലയാളികള്‍ ആ കുഞ്ഞിനെ ദഹിപ്പിച്ചിട്ട് നാല് ദിവസമായി. പക്ഷേ പെണ്‍കുട്ടിയുടെ മരണ കാരണം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഞായറാഴ്ച വൈകീട്ട് ആരാധനാലയത്തില്‍ പോയി മടങ്ങിയെത്തിയതായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്‍. സമീപത്തെ ശ്മശാനത്തിലെ കൂളറിൽ നിന്ന് കുറച്ച് തണുത്ത വെള്ളം കൊണ്ടുവരാൻ അച്ഛന്‍ മകളോട് ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ പോയ ആ മകള്‍ മടങ്ങിയെത്തിയില്ല. മകളെ തിരയുന്നതിനിടെ വൈകുന്നേരം 6 മണിയോടെ ചിലർ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ശ്മശാനത്തിലെ പുരോഹിതൻ രാധേ ശ്യാം കുട്ടിയുടെ അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ടു.
മകളുടെ ജീവനറ്റ ദേഹമാണ് താന്‍ കണ്ടതെന്ന് അമ്മ പറയുന്നു- "മൃതദേഹം കണ്ടയുടന്‍ പൊലീസിനെ വിളിക്കാന്‍ ഞാന്‍ പറഞ്ഞു. പൊലീസിനെ വിളിച്ചാല്‍ കോടതിയും കേസുമെല്ലാം നീണ്ടുപോകുമെന്ന് പുരോഹിതന്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്താന്‍ കൊണ്ടുപോയാല്‍ കുട്ടിയുടെ അവയവങ്ങളെടുത്ത് ഡോക്ടര്‍മാര്‍ വില്‍ക്കുമെന്നും പറഞ്ഞു. എന്‍റെ മകളുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. ചുണ്ടുകള്‍ കറുത്ത നിറമായിരുന്നു. നാവ് നീല നിറത്തിലായിരുന്നു. കുട്ടിക്ക് വൈദ്യുതാഘാതമേറ്റെന്നാണ് പുരോഹിതന്‍ പറഞ്ഞത്. സംസ്കാര ചടങ്ങിന്‍റെ ചെലവുകള്‍ നിങ്ങള്‍ക്ക് താങ്ങാനാവില്ലെന്നും താന്‍ തന്നെ കുട്ടിയെ ദഹിപ്പിക്കാമെന്നും പുരോഹിതന്‍ പറഞ്ഞു. എന്‍റെ അപേക്ഷ കേള്‍ക്കാതെ പുരോഹിതന്‍ അവളുടെ മൃതദേഹം ദഹിപ്പിച്ചു. അലറിക്കരഞ്ഞപ്പോള്‍ പുരോഹിതന്‍ എന്നെ മുറിയിലിട്ട് പൂട്ടി. ആര്‍ക്കും എന്‍റെ നിലവിളി കേള്‍ക്കാന്‍ കഴിഞ്ഞില്ല. അലറിക്കരയരുത്, പോയി ഉറങ്ങാന്‍ ആവശ്യപ്പെട്ടു. നാളെ രാവിലെ എട്ട് മണിക്ക് വന്ന് അവളുടെ ചിതാഭസ്മം ഏറ്റുവാങ്ങാനും പറഞ്ഞു".
തന്‍റെ നിലവിളി കേട്ട് ഓടിവന്നവര്‍ വെള്ളമൊഴിച്ച് ചിത അണയ്ക്കാന്‍ ശ്രമിച്ചെന്നും ആ അമ്മ പറയുന്നു. അപ്പോഴേക്കും വൈകിപ്പോയിരുന്നു. പൊലീസ് സ്റ്റേഷനില്‍ പോയിപ്പറഞ്ഞപ്പോള്‍ അവര്‍ മര്‍ദിക്കുകയാണ് ചെയ്തതെന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. തന്നെയും ഭര്‍ത്താവിനെയും വെവ്വേറെ മുറികളിലാക്കി. പിന്നീട് പ്രതിഷേധം ശക്തമായതോടെയാണ് പുരോഹിതനെയും മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതുവരെ കുട്ടിയുടെ മരണ കാരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.