ഗോധ്ര കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിശദാംശങ്ങൾ തേടി സുപ്രീംകോടതി; എതിർത്ത് ഗുജറാത്ത് സർക്കാർ

ഗുജറാത്ത് കലാപത്തിൽ 17 വർഷം പൂർത്തിയാക്കിയ പലർക്കും ജയിൽ മോചനം അനുവദിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് ഗോധ്ര കേസിലെ പ്രതികളും അപേക്ഷ നൽകിയത്

Update: 2023-02-20 10:27 GMT
Editor : abs | By : Web Desk
Advertising

ഡൽഹി: ഗോധ്ര ട്രെയിൻ തീവയ്പ് കേസിലെ പ്രതികളുടെ വിശദാംശങ്ങൾ തേടി സുപ്രീംകോടതി. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാനാണ് വിശദാംശങ്ങൾ തേടിയത്. പ്രതികളുടെ ജാമ്യത്തെ എതിർത്ത് ഗുജറാത്ത് സർക്കാർ രംഗത്തെത്തി.

ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ പ്രതികൾ 17 വർഷമായി ജയിലിൽ കഴിയുന്നു, പലരുടെയും പ്രായം അറുപത് വയസ് കഴിഞ്ഞുവെന്നും അത് പരിഗണിച്ച് ഇവർക്ക് ജാമ്യം നൽകണമെന്നുമാണ് പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ  ജാമ്യം നൽകരുതെന്നും  പലർക്കും വധശിക്ഷ നൽകി അതിൽ തന്നെ പിന്നീട് ഇളവ് നൽകിയെന്നും ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ തുഷാർമേത്ത വാദിച്ചു. മാത്രവുമല്ല ട്രെയിൻ പുറമെ നിന്ന് പൂട്ടിയിരുന്നുവെന്നും പ്രതികളിൽ ഒരാൾ പെട്രോൾ കൈവശം വെച്ചതിന് തെളിവുണ്ടെന്നും ഗുജറാത്ത് സർക്കാർ വാദിച്ചു.

അതേസമയം നേരത്തെ ഗുജറാത്ത് കലാപത്തിൽ 17 വർഷം പൂർത്തിയാക്കിയ പലർക്കും ജയിൽ മോചനം അനുവദിച്ചിരുന്നു. ഇതിനെ തുടർന്നാണ്  ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് ഗോധ്ര കേസിലെ പ്രതികളും അപേക്ഷ നൽകിയത്. എന്നാൽ ജാമ്യാപേക്ഷ തന്നെ ഗുജറാത്ത് സർക്കാർ എതിർക്കുകയാണ്.

2002ൽ ഗോധ്രയിൽ 59 പേരുടെ മരണത്തിനിടയാക്കിയ സബർമതി ട്രെയിൻ കല്ലേറിന് ശേഷം സംസ്ഥാനത്തുടനീളം വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. അയോധ്യയിൽനിന്ന് മടങ്ങുകയായിരുന്ന കർസേവകരും തീർത്ഥാടകരും അടങ്ങുന്ന യാത്രക്കാരടക്കമുള്ള സബർമതി എക്സ്പ്രസിന് ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് അക്രമികൾ തീയിടുകയായിരുന്നു. സംഭവത്തിൽ 29 പുരുഷന്മാരും 22 സ്ത്രീകളും എട്ടു കുട്ടികളും അടക്കം 59 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ഒരു ദിവസം കഴിഞ്ഞ്, മാർച്ച് ഒന്നിന്, ഗോധ്രയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള കലോൽ പട്ടണത്തിലെ ഡെലോൽ ഗ്രാമത്തിൽ കലാപം പടർന്നു. കലാപത്തിൽ നിരവധി വീടുകൾ അഗ്‌നിക്കിരയാക്കി, അതിലാണ് 17 അംഗങ്ങൾ വെന്തുമരിച്ചത്.സംഭവം നടന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 22 പേരെ അറസ്റ്റ് ചെയ്തത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News