ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഇതാണ്

വാർത്ത, കായികം, വിനോദം ഉൾപ്പെടെയുള്ള മേഖലയിൽ ഇന്ത്യക്കാർ ഈ വർഷം തിരഞ്ഞ വാക്കുകളുടെ പട്ടിക പുറത്ത് വിട്ട് ഗൂഗിൾ

Update: 2021-12-09 09:26 GMT
Editor : Lissy P | By : Web Desk
Advertising

ഈ വർഷം ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞത് ഏത് വാക്കായിരിക്കും..കൊവിഡ് എന്നായിരിക്കും ആദ്യം വരുന്ന ഉത്തരം. കാരണം കഴിഞ്ഞ രണ്ടുവർഷത്തോളമായി നമ്മുടെ ജീവിതത്തിൽ കൊവിഡ് എന്ന വാക്ക് അത്രയേറെ സ്ഥാനം നേടിയിട്ടുണ്ട്. എന്നാൽ 2021 ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് കൊവിഡല്ല, ക്രിക്കറ്റാണ്. ഇന്ത്യൻ പ്രീമിയർ ലീഗ്( ഐ.പി.എൽ), ഐസിസി ടി20 എന്നിവയാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക്. ഗൂഗിൾ ഇയർ ഇൻ സെർച്ച് 2021 പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ക്രിക്കറ്റിനോടുള്ള ഇന്ത്യക്കാരുടെ ആവേശവും ഇഷ്ടത്തിനും ഒരു കുറവും വന്നിട്ടില്ല എന്നതാണ് ഇത് തെളിയിക്കുന്നത്. ക്രിക്കറ്റ് മാത്രമല്ല, ഫുട്‌ബോളും ഇന്ത്യയുടെ പ്രിയപ്പെട്ട കായികപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. യൂറോ കപ്പ്, കോപ്പ അമേരിക്ക, ടോക്യോ ഒളിമ്പിക്‌സ് എന്നിവയും ഇന്ത്യക്കാർ കൂടുതൽ തിരഞ്ഞ വാക്കുകളാണ്.  ഓരോ മേഖലയിലുംആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കുകളെയും വ്യക്തികളെയും കുറിച്ചുള്ള പട്ടിക എല്ലാവർഷവും ഗൂഗിൾ പുറത്ത് വിടാറുണ്ട്.

വ്യക്തികളിൽ മുന്നിൽ

ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ നീരജ് ചോപ്രയാണ് ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വ്യക്തി. മയക്കുമരുന്ന് കേസിൽ ജയിൽ പോകേണ്ടി വന്ന ഷാരൂഖ് ഖാന്റെ മകൻ ആര്യനാണ് രണ്ടാം സ്ഥാനത്ത്. ടെസ്ല മേധാവി ഇലോൺ മസ്‌ക്, വിക്കി കൗശൽ, ഷെഹനാസ് ഗിൽ, രാജ് കുന്ദ്ര തുടങ്ങിയവരും ഈ പട്ടികയിൽ മുന്നിലുണ്ട്.


അടുത്തുള്ളതിൽ മുന്നിൽ കൊവിഡ്

ഏറ്റവും അടുത്തുള്ള സേവനങ്ങളെ കുറിച്ചറിയാനുള്ള near me വിഭാഗത്തിൽ ഏറ്റവും മുന്നിലുള്ളത് കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. അടുത്തുള്ള വാക്‌സിൻ സെന്ററുകൾ, കൊവിഡ് പരിശോധന കേന്ദ്രങ്ങൾ, കൊവിഡ് ആശുപത്രി തുടങ്ങിയ സേവനങ്ങളെ കുറിച്ചാണ് കൂടുതൽ ആളുകൾ ഈ വിഭാഗത്തിൽ തിരഞ്ഞിട്ടുള്ളത്‌. ഇതിന് പുറമെ ഫുഡ് ഡെലിവറി, ഹോട്ടലുകൾ, ടിഫിൻ സർവീസ് എന്നിവയും near me വിഭാഗത്തിൽ തിരഞ്ഞ കാര്യങ്ങളാണ്.


ജയ് ഭീമും ദൃശ്യവും സിനിമ പട്ടികയിൽ

സൂര്യ നായകനായി ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീമാണ് ഇന്ത്യക്കാർ സിനിമ വിഭാഗത്തിൽ ഏറ്റവും കൂടുതൽ തിരഞ്ഞത്. ആമസോൺ പ്രൈമിലൂടെയായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. തമിഴ് നാട്ടിലെ ഇരുളർ വിഭാഗത്തിന്റെ കഥപറഞ്ഞ ജയ്ഭീമിൽ മലയാളിയായ ലിജിമോളും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഷേർഷാ, രാധേ, ബെൽബോട്ടം സിനിമകളാണ് തൊട്ടടുത്തുള്ളത്. മലയാളത്തിൽ മോഹൻലാലിന്റെ ദൃശ്യം 2 ഉം പട്ടികയിലുണ്ട്. ഹോളിവുഡ് സിനിമയായ ഗോഡ്‌സ് വില്ല വേഴ്‌സസ് കോങ്, എറ്റേണൽസ് ഈ പട്ടികയിലുണ്ട്.


തേടിപ്പിടിച്ച് വായിച്ച വാർത്തകൾ

കൊവിഡ് മഹാമാരിയും അതിനോടനുബന്ധിച്ച സംഭവങ്ങളും നിറഞ്ഞു നിൽക്കുമ്പോഴും ആളുകൾ തെരഞ്ഞെുപിടിച്ച് വായിച്ച വാർത്തകൾ ഏറെയുണ്ട്. ടോക്യോ ഒളിമ്പിക്‌സ്, ബ്ലാക് ഫംഗസ്, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ, അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങൾ എന്നിവയാണ് ഈ പട്ടികയിലുള്ളത്. കൂടാതെ കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം, ഓക്‌സിജൻ ലെവൽ എങ്ങനെ ഉയർത്താം എന്നിവ how to വിഭാഗത്തിൽ മുന്നിലെത്തി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News