പ്രമുഖരുടെ നികുതി വെട്ടിപ്പ്; പാന്‍ഡോറ പേപ്പറുകളില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
ഇന്ത്യയില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ അംബാനി തുടങ്ങി നിരവധി പ്രമുഖരുടെ പേരുകളാണ് പാൻഡോറ പേപ്പേഴ്‌സിലുള്ളത്.
പ്രമുഖരുടെ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിനായി പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപീകരിക്കും. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ഫിനാൻഷ്യൽ ഇന്റലിജൻസ് വിഭാഗം, ആർ.ബി.ഐ എന്നീ ഏജൻസികളും സംഘത്തിലുണ്ടാകും.
കഴിഞ്ഞദിവസമാണ് നികുതിയിളവുള്ള രാജ്യങ്ങളില്‍ ലോകത്തെ ഉന്നതനേതാക്കളും പ്രമുഖ വ്യക്തികളും നടത്തിയ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പുറത്തു വന്നത്. നികുതിയിളവ് ലഭിക്കുന്ന രാജ്യങ്ങളില്‍ ആരംഭിച്ച 29,000 കമ്പനികളെയും ട്രസ്റ്റുകളെയും സംബന്ധിച്ച് 12 ദശലക്ഷം രേഖകളാണ് പാന്‍ഡോറ പേപ്പേഴ്‌സ് എന്ന പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ അംബാനി തുടങ്ങി നിരവധിപ്പേരുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
117 രാജ്യങ്ങളിലെ 150 മാധ്യമസ്ഥാപനങ്ങളിൽനിന്നുള്ള 600 പത്രപ്രവർത്തകരെ ഉൾപ്പെടുത്തി ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍(ഐ.സി.ഐ.ജെ) നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ വെളിച്ചത്തുവന്നത്. പനാമ പേപ്പറുകൾ സമാഹരിച്ച മാധ്യമപ്രവർത്തകരുടെ സംഘമാണ് പുതിയ വെളിപ്പെടുത്തലിനും പിന്നിൽ.
ജോര്‍ദാന്‍ രാജാവിന് യു.എസിലും യു.കെയിലുമുള്ള 700 കോടി ഡോളറിന്റെ സമ്പാദ്യം, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയറും ഭാര്യയും നടത്തിയ നികുതി വെട്ടിപ്പ്, റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന് മൊണോക്കോയിലുള്ള നിക്ഷേപങ്ങള്‍ തുടങ്ങി ഞെട്ടിക്കുന്ന രേഖകളാണ് റിപ്പോര്‍ട്ടിലുള്ളത്.