ഗവര്‍ണര്‍ നാളെയെത്തും; ബില്ലുകളില്‍ ഒപ്പിടുമോ എന്ന ആശങ്കയില്‍ സര്‍ക്കാര്‍
12 ബില്ലുകളാണ് നിയമസഭ പാസാക്കിയത്
സർക്കാരുമായി കൊമ്പുകോർത്തിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ വൈകിട്ട് തിരുവനന്തപുരത്തെത്തും. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്ന കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കും. നിയുക്ത മന്ത്രി എം.ബി രാജേഷിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. ഈ മാസം 12നാണ് സ്പീക്കർ തെരഞ്ഞെടുപ്പ്.
ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന സര്‍വകലാശാല ഭേദഗതി ബില്‍, ഏറെ വിവാദങ്ങളുണ്ടാക്കിയ ലോകായുക്ത നിയമഭേദഗതി ബില്‍ അടക്കം 12 ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ഇന്നലെ രാവിലെ തന്നെ സ്പീക്കര്‍ എം.ബി രാജേഷ് ബില്ലുകള്‍ ഒപ്പിട്ട് രാജ്ഭവനിലേക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള ഗവര്‍ണര്‍ നാളെ വൈകിട്ടാണ് തിരികെ എത്തുന്നത്. സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. ഒപ്പിട്ടില്ലെങ്കില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് കനക്കും. ബില്ലുകളില്‍ ഗവര്‍ണര്‍ നിയമോപദേശം തേടാനാണ് സാധ്യത. ചൊവ്വാഴ്ചയോടെ ഗവർണറുടെ തീരുമാനം ഉണ്ടായേക്കും.
നിയുക്ത മന്ത്രി എം.ബി രാജേഷിന്റെ സത്യപ്രതിജ്ഞ മറ്റന്നാൾ നടക്കും. രാവിലെ 11 മണിക്ക് രാജ് ഭവനിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി കൊടുക്കും. തദ്ദേശ എക്സൈസ് വകുപ്പുകളാണ് രാജേഷിന് ലഭിക്കുന്നത്. നിയുക്ത സ്പീക്കർ എ.എൻ ഷംസീറിന്‍റെ സത്യപ്രതിജ്ഞക്ക് വേണ്ടി 12ആം തിയ്യതിയാണ് നിയമസഭാ സമ്മേളനം ചേരുന്നത്. എതിർ സ്ഥാനാർഥിയെ നിർത്തുന്ന കാര്യത്തിൽ പ്രതിപക്ഷം ഇതുവരെ തീരുമാനം എടുത്തിട്ടില്ല.