'ശ്രീകോവിലുകൾ സംരക്ഷിക്കാനുള്ള ബാധ്യതയും സർക്കാറിനുണ്ട്'; കമാൽ മൗല പള്ളി വിധിയിൽ മധ്യപ്രദേശ് ഹൈക്കോടതി

മസ്ജിദ് സമുച്ചയത്തില്‍ സര്‍വേ നടത്താന്‍ കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു

Update: 2024-03-12 10:35 GMT
Editor : abs | By : Web Desk
Advertising

ഭോപാൽ: പുരാതന സ്മാരകങ്ങളും ക്ഷേത്രങ്ങൾ അടക്കമുള്ള ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളും മാത്രമല്ല, ശ്രീകോവിലുകളും ആത്മീയ പ്രാധാന്യമുള്ള വിഗ്രഹങ്ങളും സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ധർ ജില്ലയിലെ കമാൽ മൗല പള്ളി സമുച്ചയത്തിൽ സർവേ അനുവദിച്ച ഉത്തരവിലാണ് കോടതി പരാമർശം. കെട്ടിടത്തെ കുറിച്ചുള്ള ആശയക്കുഴപ്പം തീർക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എസ്എ ധർമാധികാരി, ജസ്റ്റിസ് ദേവനാരായൺ മിശ്ര എന്നിവർ അടങ്ങുന്ന ഇൻഡോർ ബഞ്ചാണ് സർവേയ്ക്കുള്ള അനുമതി നൽകിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്‌ഐ)ക്കാണ് സർവേയുടെ ചുമതല.

പരിശോധന ആവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് എന്ന വലതുപക്ഷ സംഘനയാണ് ഹൈകോടതിയിൽ റിട്ട് ഫയൽ ചെയ്തിരുന്നത്. സമുച്ചയം (ഭോജ്ശാല) പൂർണമായി ഹിന്ദുക്കൾക്ക് വിട്ടുനൽകണം, മുസ്‌ലിംകൾ നമസ്‌കാരം നിർവഹിക്കുന്നത് നിരോധിക്കണം എന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. സരസ്വതീ ക്ഷേത്രമാണ് ഇതെന്നാണ് ഹിന്ദുക്കളുടെ അവകാശവാദം. കഴിഞ്ഞ വർഷം സെപ്തംബറിൽ പള്ളിക്കകത്ത് സംഘ്പരിവാർ സരസ്വതീ വിഗ്രഹം കൊണ്ടുവച്ചിരുന്നു. പിന്നീട് പൊലീസ് ഇതെടുത്തു മാറ്റി.

ശാസ്ത്രീയ പരിശോധന നടത്തി ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദേശിച്ചിട്ടുള്ളത്. പരിശോധന പൂർണമായി ഇരുകക്ഷികളുടെയും സാന്നിധ്യത്തില്‍ വീഡിയോയിൽ പകർത്തണം. ഖനനം, ജിപിആർ-ജിപിഎസ്, കാർബൺ ഡേറ്റിങ് തുടങ്ങിയ സാങ്കേതിക വിദ്യകൾ സർവേക്കായി ഉപയോഗിക്കാം. ഭൂമിക്കടിയിലുള്ള നിർമിതികൾ, തൂണുകൾ, ഉത്തരം, തറ, കൊത്തുപണികൾ എന്നിവയുടെ എല്ലാം പഴക്കം കണക്കാക്കണം. അഞ്ചു പേരിൽ കുറയാത്ത സമിതി ആയിരിക്കണം പരിശോധന നടത്തേണ്ടത്. എഎസ്‌ഐയിലെ ഡി.ജി അല്ലെങ്കിൽ എ.ഡി.ജി റാങ്കിലുള്ള ഉദ്യോഗസ്ഥർ സമിതിക്ക് നേതൃത്വം കൊടുക്കണം. വിശദപഠനം ആവശ്യമാണ് എന്ന് അഞ്ചംഗ സമിതിക്ക് ബോധ്യപ്പെട്ടാൽ സമുച്ചയത്തിന്റെ ഘടനയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ അതിന് അനുവദിക്കാം- കോടതി ഉത്തരവിട്ടു.

നിലവിൽ ആർക്കിയോളജിക്കൽ എഎസ്‌ഐയുടെ അധീനതയിലാണ് കമാൽ മൗല-ഭോജ്ശാല സമുച്ചയം. 2003 മുതൽ സമുച്ചയത്തിനകത്ത് എല്ലാ ചൊവ്വാഴ്ചയും പൂജ നടത്താൻ ഹിന്ദു കക്ഷികൾക്ക് എഎസ്‌ഐ അനുമതി നൽകിയിരുന്നു. വെള്ളിയാഴ്ച മുസ്‌ലിംകൾ ജുമുഅ നമസ്‌കാരവും നിർവഹിക്കുന്നുണ്ട്. ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കമാൽ മൗല പള്ളി മാനേജ്‌മെന്റ് കമ്മിറ്റി അധ്യക്ഷൻ വഖാർ സാദിഖ് പറഞ്ഞു. 2003ൽ സമാന ആവശ്യം ഹൈക്കോടതിയുടെ ജബൽപൂർ ബഞ്ച് തള്ളിയിരുന്നതായി മുസ്‌ലിം കക്ഷികൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അജയ് ബഗാദിയ വ്യക്തമാക്കി.

ഭോജ്ശാലയിൽ എഡി 1034 വർഷം ധർ ഭരണാധികാരികൾ വിഗ്രഹം സ്ഥാപിച്ചു എന്നാണ് ഹിന്ദുകക്ഷികൾ അവകാശപ്പെടുന്നത്. 1857ൽ ബ്രിട്ടീഷുകാർ അത് ലണ്ടനിലേക്ക് കടത്തിയെന്നും അവർ പറയുന്നു. 


Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News