യു.പി മാതൃകയില്‍ ജനസംഖ്യാ നിയന്ത്രണനിയമം കൊണ്ടുവരാനുള്ള നീക്കവുമായി ഗുജറാത്ത്

അതേസമയം ജനസംഖ്യാ നിയന്ത്രണത്തിന് ഗുജറാത്ത് സര്‍ക്കാര്‍ നേരത്തെ തന്നെ നടപടികള്‍ ആരംഭിച്ചതായി ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിഥിന്‍ പട്ടേല്‍ പറഞ്ഞു.

Update: 2021-07-13 14:05 GMT
Advertising

ഉത്തര്‍പ്രദേശ് മാതൃകയില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാറും നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഗവണ്‍മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇറക്കിയ നിയമത്തിന്റെ ഗുണവും ദോഷവും ഗുജാറാത്ത് സര്‍ക്കാറും പരിശോധിക്കാന്‍ തുടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വിദഗ്ധരില്‍ നിന്നും സാധാരണക്കാരില്‍ നിന്നും സര്‍ക്കാറിലെ ചില കേന്ദ്രങ്ങള്‍ ഇത് സംബന്ധിച്ച പ്രതികരണം തേടുവാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം ജനസംഖ്യാ നിയന്ത്രണത്തിന് ഗുജറാത്ത് സര്‍ക്കാര്‍ നേരത്തെ തന്നെ നടപടികള്‍ ആരംഭിച്ചതായി ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിഥിന്‍ പട്ടേല്‍ പറഞ്ഞു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന നിയമം ഗുജറാത്തില്‍ നിലവിലുണ്ട്. ഇത് സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കിയ കാര്യമാണ്. ജനസംഖ്യ നിയന്ത്രിക്കാന്‍ സമാനമായ മറ്റു ചെറിയ നിയമങ്ങളും സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തെ പല സംസ്ഥാനങ്ങളും ജനസംഖ്യാ നിയന്ത്രണ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അനുയോജ്യമായ സമയത്ത് ഈ നിയമങ്ങളെല്ലാം പരിശോധിച്ച് ഗുജറാത്തിലും ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരുമെന്നും ഗുജറാത്ത് ബി.ജെ.പി അധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍ പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News