മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്: കെജ്‌രിവാള്‍ ഹാജരാകണമെന്ന് കോടതി

അഹമ്മദാബാദ് അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടേതാണ്‌ നടപടി

Update: 2023-05-23 14:40 GMT
Advertising

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റിന്‍റെ പേരിൽ ഗുജറാത്ത് യൂണിവേഴ്സിറ്റിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതിയുടെ സമന്‍സ്. അഹമ്മദാബാദ് അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടേതാണ്‌ നടപടി. ജൂൺ 7ന് ഹാജരാകാനാണ് നോട്ടീസ്.

ഇന്ന് ഹാജരാകാൻ നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും ലഭിച്ചില്ലെന്ന് അറിയിച്ചതോടെയാണ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് എസ്.ജെ പഞ്ചാൽ വീണ്ടും സമന്‍സ് അയക്കാന്‍ ഉത്തരവിട്ടത്. ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ്‌ സിങ്ങിനും അപകീർത്തി കേസിൽ സമൻസ് അയച്ചിട്ടുണ്ട്. ഗുജറാത്ത് സർവകലാശാല രജിസ്ട്രാര്‍ പീയൂഷ് പട്ടേലാണ് പരാതി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർവകലാശാലയ്‌ക്കെതിരെ പരിഹാസം നിറഞ്ഞതും അധിക്ഷേപകരവുമായ പരാമര്‍ശം നടത്തിയെന്നാണ് പരാതി.

പ്രധാനമന്ത്രിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് കെജ്‌രിവാളിനും സഞ്ജയ്‌ സിങ്ങിനുമെതിരെ അപകീർത്തി കേസ് ഫയൽ ചെയ്തത്. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് സർവകലാശാലയെ ലക്ഷ്യമിട്ട് വാര്‍ത്താസമ്മേളനങ്ങളിലും ട്വിറ്ററിലും അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാണ് പരാതി.

"ഒരു ബിരുദമുണ്ടെങ്കിൽ അത് യഥാർത്ഥമാണെങ്കിൽ, എന്തുകൊണ്ട് അത് നൽകുന്നില്ല?", "വ്യാജമായതുകൊണ്ടാവും അവർ ബിരുദം നൽകാത്തത്", "പ്രധാനമന്ത്രി ഡൽഹി യൂണിവേഴ്സിറ്റിയിലും ഗുജറാത്ത് യൂണിവേഴ്സിറ്റിയിലും പഠിച്ചെങ്കില്‍,  ഗുജറാത്ത് യൂണിവേഴ്സിറ്റി തങ്ങളുടെ വിദ്യാർഥി രാജ്യത്തിന്റെ പ്രധാനമന്ത്രിയായത് ആഘോഷിക്കണം" എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ കെജ്‍രിവാള്‍ നടത്തിയെന്നും ഇവ അപകീര്‍ത്തികരമാണെന്നുമാണ് സര്‍വകലാശാലയുടെ പരാതി.

പ്രധാനമന്ത്രിയുടെ വ്യാജ ബിരുദം യഥാർത്ഥമാണെന്ന് തെളിയിക്കാനാണ് അവർ (ഗുജറാത്ത് യൂണിവേഴ്സിറ്റി) ശ്രമിക്കുന്നതെന്ന് പറഞ്ഞെന്നാണ് സഞ്ജയ് സിങ്ങിനെതിരായ പരാതി. പരാതിയില്‍ ഇതുവരെ നാല് സാക്ഷികളെ വിസ്തരിച്ചു. ഗുജറാത്ത് യൂണിവേഴ്സിറ്റി വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് ഇവരുടെ പരാമര്‍ശം കേള്‍ക്കുന്നവര്‍ക്ക് തോന്നുകയെന്ന് യൂണിവേഴ്സിറ്റിയുടെ അഭിഭാഷകന്‍ വാദിച്ചു.

Summary- A court today issued a fresh summons to Delhi Chief Minister Arvind Kejriwal and AAP's Rajya Sabha member Sanjay Singh to appear before it on June 7 in a criminal defamation case lodged by the Gujarat University over Prime Minister Narendra Modi's academic degree.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News