ഗുജറാത്തിൽ ബി.ജെ.പി ചരിത്ര വിജയത്തിലേക്ക്
150ൽ അധികം സീറ്റുകളിൽ ബി.ജെ.പി മുന്നേറ്റം തുടരുമ്പോൾ കോൺഗ്രസ് ലീഡ് ചെയ്യുന്നത് 18 സീറ്റുകളിൽ മാത്രമാണ്
ഗാന്ധിനഗര്‍: ഗുജറാത്തിൽ ബി.ജെ.പി ചരിത്ര വിജയത്തിലേക്ക്. 150ൽ അധികം സീറ്റുകളിൽ ബി.ജെ.പി മുന്നേറ്റം തുടരുമ്പോൾ കോൺഗ്രസ് ലീഡ് ചെയ്യുന്നത് 18 സീറ്റുകളിൽ മാത്രമാണ്. കോൺഗ്രസ് വോട്ടുകൾ പിടിച്ചെടുത്ത ആം ആദ്മി പാർട്ടി ആറ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
എക്സിറ്റ് പോളുകൾ പോലും നിഷ്പ്രഭമായ മുന്നേറ്റമാണ് ഗുജറാത്തിൽ ബി.ജെ.പി കാഴ്ച വച്ചത്. രാവിലെ 8 മണിക്ക് വോട്ട് എണ്ണൽ ആരംഭിച്ചപ്പോൾ മുതൽ ബി.ജെ.പി വിജയം ഉറപ്പിച്ചെന്ന് വേണം പറയാൻ. വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിലും കോൺഗ്രസ് ബി.ജെ.പിക്ക് വെല്ലുവിളി ആയിട്ടില്ല. 2017ൽ കോൺഗ്രസിനെ പിന്തുണച്ച കച്ച് സൗരാഷ്ട്ര മേഖലകളിലെ മണ്ഡലങ്ങളിൽ ബിജെപി കടന്നു കയറി. ദുരന്ത ഭൂമിയായ മോർബി ജില്ലയിലെ 3 മണ്ഡലങ്ങളിലും ബി.ജെ.പി വിജയം ഉറപ്പിച്ചു. ആംആദ്മി പാർട്ടി ബി.ജെ.പി വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ച നഗര മണ്ഡലങ്ങളിലും ബി.ജെ.പി സമഗ്രാധിപത്യം നേടി. അഹമ്മദാബാദ് ജില്ലയിലെ 21 മണ്ഡലങ്ങളിൽ 20 ഇടത്തും ബി.ജെ.പി കൂറ്റൻ ലീഡ് നിലനിർത്തുന്നുണ്ട്. ഗുജറാത്ത് ഏഴാം തവണയും ബിജെപിയെ പിന്തുണയ്ക്കുമെന്ന് ഉറപ്പായതോടെ ഗാന്ധി നഗറിലെ പാർട്ടി ആസ്ഥാനത്ത് ബി.ജെ.പി പ്രവർത്തകർ ആഹ്ളാദ പ്രകടനവും മധുര പലഹാര വിതരണവും ആരംഭിച്ചു.
ഔദ്യോഗിക ഫലം പ്രഖ്യാപിച്ച ഘാട്ട്ലോദ്യയിൽ അമ്പതിനായിരത്തോളം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ആണ് മുഖ്യമന്ത്രിയായ ഭൂപേന്ദ്ര ഭായ് പട്ടേൽ വിജയിച്ചത്. കോൺഗ്രസിനൊപ്പം നിന്ന ജിഗ്നേഷ് മേവാനി വഡ്ഗാമിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ബി.ജെ.പിയിൽ ചേർന്ന ഹാർദിക് പട്ടേൽ വിരംഗത്തിലും അൽപേഷ് താക്കൂർ ഗാന്ധി നഗർ സൗത്തിലും ഏറെക്കുറെ വിജയം ഉറപ്പിച്ച മട്ടാണ്. കോൺഗ്രസ് കോട്ടകളായ ആദിവാസി വിഭാഗങ്ങളുടെ മേഖലയായ വടക്കൻ ഗുജറാത്തിലെ മണ്ഡലങ്ങൾ ബി.ജെ.പി പിടിച്ചെടുത്തതും കോൺഗ്രസ് ക്യാമ്പുകളിൽ ഞെട്ടലുണ്ടാക്കി. ജനവിധി അംഗീകരിക്കുന്നു എന്നായിരുന്നു ഗുജറാത്ത് പി.സി.സി അധ്യക്ഷൻ്റെ പ്രതികരണം.