ഗുജറാത്തിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അതൃപ്തി രൂക്ഷമാകുന്നു
കോൺഗ്രസ് പ്രാദേശിക രാഷ്ട്രീയത്തെ മാനിക്കുന്നില്ലെന്നു ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു
ഗാന്ധിനഗര്‍: തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഗുജറാത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് ഇടയിൽ അതൃപ്തി രൂക്ഷമാകുന്നു. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതിൽ കോൺഗ്രസ് നേതൃത്വം വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് പ്രാദേശിക രാഷ്ട്രീയത്തെ മാനിക്കുന്നില്ലെന്നു ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു.
ഗുജറാത്തിലെ പരാജയം ആഴത്തിൽ പഠിക്കണമെന്നാണ് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്‍റെ ആദ്യ പ്രതികരണം. അഞ്ച് സീറ്റുകളിൽ ജയിച്ച ആംആദ്മി പാർട്ടി ബാക്കി മണ്ഡലങ്ങളിൽ കോൺഗ്രസിന് വരുത്തിയ പരുക്ക് ആണ് കോൺഗ്രസ് നേതാക്കൾ ഉയർത്തി കാട്ടുന്നത്.ബി.ജെ.പിയെ സഹായിക്കാൻ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് ഈ ചെറിയ പാർട്ടികൾ ചെയ്തത് എന്ന് കോൺഗ്രസ് ആരോപിക്കുന്നു.എന്നാൽ പരാജയപ്പെട്ടെങ്കിലും മൽസര രംഗത്തു മികച്ച പ്രകടനം തന്നെയാണ് ആംആദ്മി പാർട്ടി കാഴ്ച വെച്ചത് എന്നാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായ ഗോപാൽ ഇറ്റാലിയ വിലയിരുത്തുന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നിരയിൽ ഉണ്ടായ അകൽച്ച വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് ആവും ഗുണം ചെയ്യുക.
ഗുജറാത്തിലെ വിജയത്തിന് പിന്നാലെ ഭാവി നീക്കങ്ങളുടെ ചർച്ചയും ബിജെപി ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ബി.ജെ.പി കോർകമ്മിറ്റി യോഗം ചേർന്നു. ബി.ജെ.പി ദേശീയ വർക്കിംഗ് ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, രാജ്നാഥ് സിംഗ്, അമിത് ഷാ എന്നിവർ പങ്കെടുത്ത യോഗത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഗുജറാത്തിലെ വിജയം എങ്ങനെ ഗുണം ചെയ്യുമെന്ന് നേതാക്കൾ വിലയിരുത്തി. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സെമി ഫൈനൽ എന്നായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പിനെ ബി.ജെ.പി വിശേഷിപ്പിച്ചത്. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് വര്‍ണാഭമായി നടത്താനാണ് തീരുമാനം. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അനൗദ്യോഗിക തുടക്കം കൂടിയായി ചടങ്ങിനെ ബി.ജെ.പി മാറ്റും.