ആർ.എസ്.എസിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ഗുജറാത്തില്‍ വ്യാപാരി അറസ്റ്റില്‍
ഉപ്‍ലേത ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്‍റായ വിനോദ് ഗെരാവ്ദയെയാണ് അറസ്റ്റ് ചെയ്തത്
അഹമ്മദാബാദ്: ആര്‍.എസ്.എസിനെ വിമര്‍ശിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ ഗുജറാത്തില്‍ വ്യാപാരിയെ അറസ്റ്റ് ചെയ്തു. ഉപ്‍ലേത ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്‍റായ വിനോദ് ഗെരാവ്ദയെയാണ് അറസ്റ്റ് ചെയ്തത്. പ്രാദേശിക ആർ.എസ്.എസ് നേതാവ് നൽകിയ പരാതിയെ തുടർന്നാണ് രാജ്കോട്ട് ജില്ലയിലെ ഉപ്‍ലേത പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
'ഭയമില്ലാത്തവര്‍ പോരാടി, ഭീരുക്കള്‍ സംഘികളായി' എന്ന് വ്യാപാരി ഫേസ് ബുക്കില്‍ പോസ്റ്റിട്ടെന്നാണ് ആര്‍.എസ്.എസ് നേതാവിന്‍റെ പരാതി. ഉപ്‌ലേത താലൂക്കിലെ ആർ.എസ്.എസ് പ്രസിഡന്റ് കൗശൽ പാർമറാണ് പരാതി നല്‍കിയത്. ആർ.എസ്.എസ് സ്ഥാപകൻ ഡോ.കേശവ് ഹെഡ്‌ഗേവാറിന്‍റെ സൽപ്പേരിന് കോട്ടം വരുത്തുന്ന വിധത്തിലുള്ള പോസ്റ്റുകളും വ്യാപാരി ഫേസ് ബുക്കിലിട്ടിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇത് ഹെഡ്‌ഗേവാറിനെയും ഹിന്ദുമതത്തിന്റെ പ്രതീകമായ കാവിക്കൊടിയെയും ആരാധിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും പരാതിയിലുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ട ഗെരാവ്ദ ക്യാപ്റ്റന്‍ എന്ന പേരില്‍ തയ്യല്‍ക്കട നടത്തുന്നുണ്ടെന്നും ഉപ്‌ലേത ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രീസിന്റെ പ്രസിഡന്‍റാണെന്നും പൊലീസ് പറഞ്ഞു. സെക്ഷൻ 295 എ (മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് മതവികാരത്തെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവമായ പ്രവൃത്തികൾ), ഇൻഫർമേഷൻ ആന്റ് ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 67 എന്നിവ പ്രകാരമാണ് കേസെടുത്തത്.