'രാജ്യത്തെ ഒറ്റുകൊടുത്ത മാപ്പെഴുത്തുകാർക്ക് സിപിഎമ്മിനെ ചോദ്യം ചെയ്യാൻ എന്ത് അവകാശം?' ബിജെപിക്കെതിരെ ഹനൻ മൊല്ല
'രാജ്യത്തെ ഒറ്റുകൊടു പാരമ്പര്യമാണ് സംഘപരിവാറിനുള്ളത്' ഇങ്ങനെയുള്ള ഭൂതകാലവും പേറി നടക്കുന്നവരാണ് ഇപ്പോൾ സ്വാതന്ത്ര്യത്തിന്‍റെ വക്താക്കളാകുന്നതെന്നും ഹനൻ മൊല്ല
സി.പി.എമ്മിന്‍റെ സ്വാതന്ത്ര്യദിന ആഘോഷത്തെ ചോദ്യം ചെയ്യാൻ ബി.ജെ.പിക്ക് അവകാശമില്ലെന്ന് കിസാൻ സഭ അഖിലേന്ത്യ സെക്രട്ടറി ഹനൻ മൊല്ല. മാപ്പെഴുതി നൽകി രാജ്യത്തെ ഒറ്റുകൊടു പാരമ്പര്യമാണ് സംഘപരിവാറിനുള്ളത്. ഇങ്ങനെയുള്ള ഭൂതകാലവും പേറി നടക്കുന്നവരാണ് ഇപ്പോൾ സ്വാതന്ത്ര്യത്തിന്‍റെ വക്താക്കളാകുന്നതെന്നും ഹനൻ മൊല്ല പരിഹസിച്ചു. കിസാൻ സഭ അഖിലേന്ത്യ സെക്രട്ടറിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമാണ് ഹനൻ മൊല്ല.
പാർട്ടി രൂപീകരണത്തിനു ശേഷം ആദ്യമായാണ് ഓഫീസിൽ പതാക ഉയർത്തി വിപുലമായ ആഘോഷ പരിപാടികൾ സി.പി.എം നടത്തുന്നത്. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് 75ാം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സി.പി.എം തീരുമാനിച്ചിരിക്കുന്നത്. 1947 ആഗസ്ത് 15നു ലഭിച്ചത് പൂർണ സ്വാതന്ത്ര്യമല്ലെന്ന നിലപാടിൻറെ അടിസ്ഥാനത്തിൽ ഇക്കാലമത്രയും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സി.പി.എം നടത്തിയിരുന്നില്ല. കേന്ദ്രകമ്മിറ്റി യോഗമാണു നിലപാട് തിരുത്തിയത്. സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്ക് സ്ഥാപിക്കുന്ന പ്രചാരണ-ബോധവൽക്കരണ പരിപാടി നടത്താനാണ് തീരുമാനം.
അതേസമയം സി.പി.എം ആദ്യമായാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതെന്ന വാദത്തെ മുതിര്‍ന്ന സി.പി.എം നേതാവ് സുജൻ ചക്രബർത്തി തള്ളിക്കളഞ്ഞിരുന്നു. വ്യത്യസ്തമായ തരത്തിലാണ് നേരത്തെ സ്വാതന്ത്ര്യ ദിനത്തെ സി.പി.എം ആഘോഷിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണയായി സി.പി.എം സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത് ഫാസിസ്റ്റ് ശക്തികളാലും വര്‍ഗീയ ശക്തികളാലും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും സംവാദങ്ങളും ചര്‍ച്ചകളും നടത്തിക്കൊണ്ടാണ്. ഇത്തവണ അത് കൂടുതല്‍ വിപുലമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. സുജൻ ചക്രബർത്തി പറഞ്ഞു.
2019 ലോക്‌സഭ തെരഞ്ഞെടുപ്പിലും 2021 പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് നേരിട്ട കനത്ത പരാജയത്തിൻറെ കൂടെ പശ്ചാത്തലത്തിലാണ് പാർട്ടി സ്വാതന്ത്ര്യ ദിനത്തിലെ നിലപാടിൽ മാറ്റം വരുത്തിയത്. ദേശീയതയുമായി ബന്ധപ്പെട്ട് എതിർകക്ഷികൾ നിരന്തരം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതിനും ഇതുവഴി പരിഹാരമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. ചൈന, ക്യൂബ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളോട് പലപ്പോഴും കൂടുതൽ സഹാനുഭൂതി പ്രകടിപ്പിച്ച മാർക്‌സിസ്റ്റ് പാർട്ടി, രാജ്യത്തിൻറെ ദേശീയത ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെടുന്നു എന്ന ആരോപങ്ങൾ നിലനിൽക്കുന്ന ഘട്ടത്തിൽ കൂടിയാണ് പുതിയ തീരുമാനം. സി.പി.ഐയിൽ നിന്ന് പിളർന്ന് സി.പി.എം രൂപീകരിച്ച സമയം മുതൽ 'ഈ സ്വാതന്ത്ര്യം വ്യാജമാണ്' എന്ന മുദ്രാവാക്യമാണ് സ്വാതന്ത്ര്യ ദിനത്തിൽ സിപിഎം ഉയർത്തിയിരുന്നത്.