'അവഗണിക്കപ്പെട്ടു, വേദനയുണ്ട്'; സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഹരിയാന ബിജെപി നേതാവ് സന്തോഷ് യാദവ് പാര്‍ട്ടി വിട്ടു
പാർട്ടിയോട് കൂറ് പുലർത്തിയ താഴെത്തട്ടിലുള്ള നേതാക്കളെ അവഗണിക്കുകയാണെന്ന് സന്തോഷ് കുറ്റപ്പെടുത്തി
നാർനോൾ: നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെയും ഹരിയാന ബിജെപിയില്‍ പൊട്ടിത്തെറികള്‍ തുടരുന്നു. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് സന്തോഷ് യാദവ് ചൊവ്വാഴ്ച ബിജെപി വിട്ടു. പാർട്ടിയോട് കൂറ് പുലർത്തിയ താഴെത്തട്ടിലുള്ള നേതാക്കളെ അവഗണിക്കുകയാണെന്ന് സന്തോഷ് കുറ്റപ്പെടുത്തി.
നിയമസഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കറും എംഎല്‍എയുമായിരുന്ന യാദവ് അറ്റെലി മണ്ഡലമായിരുന്നു ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിങ്ങിൻ്റെ മകൾ ആരതി സിംഗ് റാവുവിനാണ് ബിജെപി ഇക്കുറി ടിക്കറ്റ് നല്‍കിയത്. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കുന്നതായി സംസ്ഥാന ബിജെപി അധ്യക്ഷന് അയച്ച കത്തിൽ യാദവ് പറഞ്ഞു. ''ഭാരതീയ ജനതാ പാർട്ടിയോടുള്ള എൻ്റെ അർപ്പണബോധം എല്ലായ്‌പ്പോഴും അചഞ്ചലമാണ്. എല്ലാ സാഹചര്യങ്ങളിലും പാർട്ടിയുടെ തത്വങ്ങളും നയങ്ങളും പാലിച്ചുകൊണ്ടാണ് ഞാൻ പ്രവർത്തിച്ചത്.പക്ഷേ, പാർട്ടിയെ താഴേത്തട്ടിൽ ശക്തിപ്പെടുത്താൻ വിശ്വസ്തതയോടെ പ്രവർത്തിച്ച പ്രവർത്തകർ പാർട്ടിക്കുള്ളിൽ പ്രത്യേകിച്ച് അവഗണിക്കപ്പെടുകയാണെന്ന് വളരെ സങ്കടത്തോടെ പറയേണ്ടി വരും'' സന്തോഷ് യാദവിന്‍റെ രാജിക്കത്തില്‍ പറയുന്നു.
പാർട്ടിക്കുവേണ്ടിയോ തങ്ങളുടെ നിയമസഭാ മണ്ഡലത്തിലെ ജനങ്ങൾക്കുവേണ്ടിയോ പ്രവർത്തിക്കാത്തവർക്കാണ് മുൻഗണന നൽകുന്നതെന്നും അവർ ആരോപിച്ചു. ഈ സാഹചര്യം വളരെ ദൗർഭാഗ്യകരമാണെന്നും ഇത് പാർട്ടി പ്രവർത്തകർക്കിടയിൽ നിരാശയും അതൃപ്തിയും പടർത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടിരുന്നു. മന്ത്രി രഞ്ജിത് സിങ് ചൗട്ടാല, എംഎല്‍എ ലക്ഷ്മണന്‍ ദാസ് നപ എന്നിവരാണ് പാര്‍ട്ടി വിട്ട പ്രമുഖ നേതാക്കള്‍. രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ശിവ് കുമാർ മെഹ്തയും പാർട്ടി വക്താവ് സത്യവ്രത് ശാസ്ത്രിയും രാജി വച്ചു. സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് രാജി. രണ്ടാം പട്ടികയില്‍ ഏഴ് സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കിയിരുന്നു. രണ്ട് മന്ത്രിമാരും ഇടംപിടിച്ചില്ല.
മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവും ബൗദ്ധിക വിഭാഗം തലവനുമായ പ്രൊഫ.ഛത്തര്‍പാല്‍ സിങ്ങും രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സിങ്ങിന്‍റെയും രാജി. പാര്‍ട്ടി വിട്ട സിങ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. സിങ്ങിനോടൊപ്പം തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് അംഗവും നടന്‍ രാജ് കുമാറിന്‍റെ ഭാര്യാസഹോദരനുമായ സുനില്‍ റാവുവും ബിജെപി വിട്ട് എഎപിയിലേക്ക് ചേക്കേറിയിട്ടുണ്ട്.