ഹരിയാനയില്‍ സ്കൂളുകള്‍ അടുത്ത ആഴ്ച തുറക്കും

9-12 ക്ലാസ്സുകള്‍ ജൂലൈ 16ന് തുടങ്ങും. 6 മുതല്‍ 8 വരെയുള്ള ക്ലാസ്സുകള്‍‌ ജൂലൈ 23നാണ് തുടങ്ങുക

Update: 2021-07-10 03:03 GMT
Advertising

കോവിഡ് കേസുകള്‍ കുറഞ്ഞതോടെ സ്കൂളുകള്‍ തുറക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചു. 9-12 ക്ലാസ്സുകള്‍ ജൂലൈ 16ന് തുടങ്ങും. 6 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 23നാണ് ഓഫ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുക. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിലവിലെ ഓണ്‍ലൈന്‍ ക്ലാസ് തുടരും.

ഡയറക്ടറേറ്റ് സ്കൂള്‍ എജ്യുക്കേഷനാണ് സ്കൂളുകള്‍ തുറക്കുന്ന തിയ്യതി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികള്‍ സ്കൂളുകളിലേക്ക് വരണമെന്ന് നിര്‍ബന്ധിക്കില്ല. നിലവിലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. സ്കൂളിലെത്താന്‍ പറ്റാത്ത വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കണം. സ്കൂളുകളിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ സമ്മതപത്രം കൊണ്ടുവരണമെന്നും ഉത്തരവില്‍ പറയുന്നു.

ഹരിയാനയില്‍ കോവിഡ് നിയന്ത്രണവിധേയമായതോടെയാണ് സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി കന്‍വര്‍ പാല്‍ പറഞ്ഞു. സാമൂഹിക അകലം ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്ലാസുകള്‍ തുടങ്ങുക. കോവിഡ് കാലത്തെ ഓഫ്‍ലൈന്‍ ക്ലാസുകള്‍ എങ്ങനെയാവണം എന്നത് സംബന്ധിച്ച് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കും. ചെറിയ ക്ലാസ്സിലെ കുട്ടികളുടെ ക്ലാസുകള്‍ തുടങ്ങുന്ന കാര്യം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് ഒന്നാം തരംഗം നിയന്ത്രണവിധേയമായതോടെ ഹരിയാനയില്‍ സ്കൂളുകള്‍ തുറന്നിരുന്നു. രണ്ടാം തരംഗം തുടങ്ങിയതോടെയാണ് സ്കൂളുകള്‍ വീണ്ടും അടച്ചത്. ഹരിയാനയില്‍ ഇന്ന് 55 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ കോവിഡ് പോസിറ്റീവായിട്ടുള്ളവരുടെ എണ്ണം 1034 ആണ്. 

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News