വിദ്വേഷ പ്രസംഗക്കേസ്: ഏഴുവർഷത്തിനുള്ളിൽ ഇന്ത്യയിൽ 500 ശതമാനം വർധന
2020ൽ തമിഴ്‌നാട്ടിലാണ് (303) ഏറ്റവും കൂടുതൽ കേസുകൾ. ഉത്തർപ്രദേശ്(243) ആണ് രണ്ടാമത്
മുസ്‌ലിംകൾ നടത്തുന്ന ഹോട്ടലുകളിൽ നിന്ന് നൽകുന്ന ചായയിൽ വന്ധ്യത വരുത്താനുള്ള മരുന്നുറ്റിക്കുന്നുവെന്ന് വ്യാജപ്രചാരണം നടത്തിയതിന് ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിലായത് ഇന്ത്യൻ പീനൽ കോഡിന്റെ 153എ വകുപ്പ് പ്രകാരമായിരുന്നു. ഈ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഏഴുവർഷത്തിനുള്ളിൽ ആറു മടങ്ങ് അല്ലെങ്കിൽ 500 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ ഉദ്ധരിച്ച് സ്‌ക്രോൾഇന്നാണ് അത്യധികം അപകടകരമായ ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
2014 മുതൽ 2020 വരെയായി നിരവധി കേസുകളാണ് വിദ്വേഷ പ്രസംഗക്കേസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2014ൽ 323 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2020ൽ 1804 കേസുകളാണ് രേഖപ്പെടുത്തപ്പെട്ടത്. 2020ൽ തമിഴ്‌നാട്ടിലാണ് (303) ഏറ്റവും കൂടുതൽ കേസുകൾ. ഉത്തർപ്രദേശ്(243), തെലങ്കാന(151), അസം(147), ആന്ധ്രപ്രദേശ്(142) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകൾ. കേരളത്തിൽ 59 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്.
ഐപിസി 153 ബി പ്രകാരം (ദേശീയോദ്ഗ്രഥനത്തിന് എതിരെയുള്ള വാദങ്ങൾ, ആരോപണങ്ങൾ) 2014 ൽ 13 കേസാണുണ്ടായിരുന്നത്. എന്നാൽ 2020ൽ 82 കേസുകൾ ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടു.
എന്നാൽ സെക്ഷൻ 153 പ്രകാരമുള്ള കേസുകളിൽ 2016 മുതൽ 2020 വരെയായി 20 ശതമാനം ശിക്ഷാനിരക്ക് മാത്രമാണുള്ളത്. 2016ൽ 15.3ശതമാനമായിരുന്നു ശിക്ഷാനിരക്ക്. എന്നാൽ 2020ൽ ശിക്ഷാനിരക്ക് 20.4ശതമാനമായി.
ഇത്തരം കേസുകളിൽ മിക്കതിലും മജിസ്റ്റീരിയൽ തല വിചാരണയാണ് നടന്നതെന്നും ഇവയിൽ മിക്ക കോടതികളും അധിക ജോലിഭാരമുള്ള നഗരങ്ങളിലാണെന്നും സുപ്രിംകോടതി അഭിഭാഷകനായ സരിം നവേദിനെ ഉദ്ധരിച്ച് സ്‌ക്രോൾ റിപ്പോർട്ട് ചെയ്തു. നോയിഡ പോലെയുള്ള സ്ഥലങ്ങളിൽ ഇത്തരം കേസുകൾ ഒരു ദിവസം 150 വരെയെത്തിയെന്നും റിപ്പോർട്ടിൽ പറഞ്ഞു. തെളിവുകളില്ലാത്തതും നിരവധി കേസുകൾ പരിഗണിക്കാനുള്ളതിനാലുമാണ് ശിക്ഷാനിരക്ക് കുറഞ്ഞതെന്നും ചൂണ്ടിക്കാട്ടി.
2017-2020 കാലയളവിൽ ഐപിസി 295-297 സെക്ഷനുകൾ പ്രകാരമുള്ള കേസുകളിൽ 3.2ശതമാനം കുറവുണ്ടായിരുന്നു. ഒരു വ്യക്തിയുടെയോ സമുദായത്തിന്റെയോ വിശ്വാസം വൃണപ്പെടുത്തുന്നതിനെതിരെയുള്ള വകുപ്പാണിത്. എന്നാൽ കഴിഞ്ഞ വർഷം 16.5 ശതമാനം വർധനവാണ് ഇത്തരം കേസുകളിലുണ്ടായത്. 2019ൽ 1459 കേസുകളായിരുന്നുവെങ്കിൽ 2020ൽ 1749 കേസാണ് ഈ വകുപ്പിൽ രേഖപ്പെടുത്തപ്പെട്ടത്.
പൊതു ദ്രോഹത്തിനും വിവിധ വിഭാഗങ്ങൾക്കിടയിലുള്ള വിദ്വേഷത്തിനും കാരണമാകുന്ന ഏതെങ്കിലും പ്രസ്താവന, കിംവദന്തി അല്ലെങ്കിൽ റിപ്പോർട്ട് എന്നിവയുടെ പ്രസിദ്ധീകരണം അല്ലെങ്കിൽ വിതരണം തടയാനുള്ള ഐപിസി സെക്ഷൻ 505 പ്രകാരമുള്ള കേസുകളിൽ നാലു വർഷത്തിനുള്ളിൽ ആറു മടങ്ങ് വർധനവാണുണ്ടായത്. 2017ൽ 257 കേസായിരുന്നുവെങ്കിൽ 2020ൽ 1527 കേസാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്.
വിദ്വേഷ പ്രസംഗത്തിനെതിരെ പ്രത്യേക നിയമമില്ല
വിദ്വേഷ പ്രസംഗത്തിനെതിരെ പ്രത്യേക നിയമമില്ലെന്നന്നും വിദ്വേഷ പ്രസംഗം കുറ്റകരമായി കാണുന്ന പ്രത്യേക നിയമം നിർമിക്കേണ്ടത് അനിവാര്യമാണെന്നുമാണ് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുപ്രിംകോടതി അഭിഭാഷകനായ സരിം നവേദ് ചൂണ്ടിക്കാട്ടുന്നത്.
'മതം, ജാതി, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കു'ന്നതുമായി ബന്ധപ്പെട്ടതാണ് ഇന്ത്യൻ പീനൽ കോഡിന്റെ 153എ വകുപ്പ്. വിദ്വേഷ പ്രസംഗത്തിന് മാത്രമായി പ്രത്യേക നിയമം ഇന്ത്യയിലില്ല. സ്വത്വന്ത്ര ആശയവിനിമയത്തിൽ നിന്ന് വേറിട്ടു നിൽക്കുന്ന കാര്യമായാണ് വിദ്വേഷ പ്രസംഗത്തെ ആഗോള തലത്തിൽ വിശകലനം ചെയ്യുന്നത്.
വിവരങ്ങൾക്കും ഗ്രാഫുകൾക്കും സ്‌ക്രോൾ.ഇന്നിനോട് കടപ്പാട്
Hate speech case: 500 per cent increase in India in seven years