24 ആശ്രമങ്ങള്‍, ആഡംബര കാറുകള്‍; ഭോലെ ബാബയുടെ പേരില്‍ 100ലധികം കോടിയുടെ സ്വത്ത്

പാലിൻ്റെ അനുയായികളിൽ ഭൂരിഭാഗവും പാവപ്പെട്ടവരായതിനാൽ സമ്പത്തിൻ്റെ ഉറവിടം വ്യക്തമല്ല

Update: 2024-07-05 10:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹാഥ്റസ്: ഹാഥ്റസ് ദുരന്തത്തില്‍ പൊലീസ് തിരയുന്ന വിവാദ ആള്‍ദൈവം ഭോലെ ബാബയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്. 24 ആശ്രമങ്ങള്‍ അടങ്ങുന്ന ഒരു ശൃംഖലയും ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ ഉണ്ടെന്നും കുറഞ്ഞത് 100 കോടി രൂപയുടെ സ്വത്തുണ്ടെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഭോലെ ബാബയുടെ സത്സംഗിനെത്തിയ 122 പേരാണ് തിക്കിലും തിരക്കിലും പെട്ട് ചൊവ്വാഴ്ച മരിച്ചത്. അപകടത്തിനുശേഷം ബാബ ഒളിവില്‍ പോയിരുന്നു. സംഭവത്തില്‍ അദ്ദേഹത്തിന്‍റെ അനുയായികളടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ എഫ്.ഐ.ആറില്‍ സാകര്‍ വിശ ഹരി ഭോലെ ബാബ എന്നറിയപ്പെടുന്ന ബാബ നാരായണ്‍ ഹരിയെ പ്രതി ചേര്‍ത്തിട്ടില്ല. മുഖ്യ സംഘാടകന്‍ മധുകറിൻ്റെയും മറ്റ് സംഘാടകരുടെയും പേരുകളാണ് സിക്കന്ദര റാവു പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകി സമര്‍പ്പിച്ച എഫ്ഐആറിലുള്ളത്.

ഉത്തര്‍പ്രദേശിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച സുരാജ് പാല്‍ സിങ്ങാണ് പിന്നീട് കോടിക്കണക്കിന് ആരാധകരുടെ ഭോലെ ബാബ ആയി മാറിയത്. ശ്രീ നാരായൺ ഹരി സാകർ ചാരിറ്റബിൾ ട്രസ്റ്റിന് കീഴില്‍ പടര്‍ന്നുകിടക്കുന്നതാണ് അദ്ദേഹത്തിന്‍റെ സാമ്രാജ്യം. പാലിൻ്റെ അനുയായികളിൽ ഭൂരിഭാഗവും പാവപ്പെട്ടവരായതിനാൽ ഈ സമ്പത്തിൻ്റെ ഉറവിടം വ്യക്തമല്ല.വെള്ള സ്യൂട്ടും ലേറ്റസ്റ്റ് മോഡല്‍ കൂളിംഗ് ഗ്ലാസും ധരിച്ചെത്തുന്ന ബാബ അനുയായികള്‍ക്ക് ദൈവമാണ്. 16 കമാന്‍ഡോകളും 15 മുതല്‍ 30 വരെയുള്ള വാഹനവ്യൂഹത്തിന്‍റെ അകമ്പടിയോടെയാണ് ബാബ ഭക്തരെ കാണാനെത്തുന്നത്. ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച ട്രസ്റ്റിന്‍റെ വളണ്ടിയര്‍മാര്‍ ബാബയുടെ സുഗമ സഞ്ചാരത്തിനും ആരും അദ്ദേഹത്തിന്‍റെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സദാ ജാഗരൂകരായി ഇരുവശത്തുമായി നിലയുറപ്പിച്ചിട്ടുണ്ടാകും.

വെളുത്ത ടെയോട്ട ഫോര്‍ച്യൂണറിലാണ് ബാബയെത്തുന്നത്. കാറിന്‍റെ സീറ്റുകളടക്കം എല്ലാം ഇന്‍റീരിയറുകളും വെളുത്ത നിറത്തിലുള്ളതാണ്. അധികാരികളുടെയും പൊലീസിന്‍റെയും സുരക്ഷാസംവിധാനത്തില്‍ ബാബക്ക് വിശ്വാസമില്ലെന്ന് 11 വര്‍ഷമായി ബാബയുടെ അനുയായിട്ടുള്ള അനില്‍ കുമാര്‍ പറഞ്ഞു. ഭോലെ ബാബയുടെ സുരക്ഷക്കായി സേവാദര്‍ എന്ന് വിളിക്കപ്പെടുന്ന ആയിരക്കണക്കിന് സുരക്ഷാജീവനക്കാരാണ് ഉള്ളത്. അപേക്ഷ ക്ഷണിച്ച് പ്രത്യേക നടപടിക്രമങ്ങളിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പളവും ഭക്ഷണവും ആശ്രമത്തില്‍ തന്നെ താമസസൗകര്യവും ഉണ്ടായിരിക്കും.

ബിച്ചുവയിൽ സ്ഥിതി ചെയ്യുന്ന മെയിൻപുരി ആശ്രമത്തിലാണ് പാൽ താമസിക്കുന്നത്. 13 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ആശ്രമം നില്‍ക്കുന്ന സ്ഥലം ഹരിനഗര്‍ എന്നാണ് അറിയപ്പെടുന്നത്. വിശാലമായ ആശ്രമത്തിനുള്ളിലെ ആറ് മുറികള്‍ ബാബക്കും ഭാര്യക്കുമുള്ളതാണ്. അദ്ദേഹത്തിൻ്റെ മെയിൻപുരി ആശ്രമത്തിൻ്റെ പ്രവേശന കവാടത്തിൽ, കുറഞ്ഞത് 10,000 രൂപ മുതൽ പരമാവധി 2.5 ലക്ഷം രൂപ വരെ സംഭാവന ചെയ്ത 200 പേരുടെ പേരുകള്‍ അടങ്ങിയ വലിയൊരു ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് ഇന്ന് കാണുന്ന ശ്രീ നാരായൺ ഹരി സകർ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിതമായത്.മറ്റ് സബ്‌സിഡിയറി ട്രസ്റ്റുകൾ മുഖേന ഇതിന് പ്രദേശത്തുടനീളം ആശ്രമങ്ങൾ ഉണ്ട്.കാൺപൂരിലെ ബിധ്‌നുവിലെ കസുയി ഗ്രാമത്തിലാണ് സേവാദര്‍മാര്‍ താമസിക്കുന്നത്. ഇറ്റാവയിലെ ഭൂപത് സരായിയിൽ നിർമാണത്തിലിരിക്കുന്ന മറ്റൊരു ആശ്രമം 9 ഏക്കറിലായാണ് വ്യാപിച്ചുകിടക്കുന്നത്. കാവൽ ഗോപുരങ്ങളും ഉയർന്ന മതിലുകളും വലിയ പ്രവേശന കവാടവുമുള്ള ഒരു കോട്ടയോട് സാമ്യമുള്ള ആശ്രമം പാട്യാലിയിലുമുണ്ട്. 17 ഏക്കറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആശ്രമത്തിനകത്തും പരിസരത്തും വീഡിയോ റെക്കോർഡിംഗും ഫോട്ടോഗ്രാഫിയും നിരോധിച്ചിരിക്കുന്നു എന്ന ബോര്‍ഡ് ഓരോ ആശ്രമങ്ങളുടെ പുറത്തും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ മെയിന്‍പുരി ആശ്രമമൊഴികെ മറ്റ് ആശ്രമങ്ങള്‍ അദ്ദേഹം വര്‍ഷങ്ങളായി സന്ദര്‍ശിച്ചിട്ടില്ലെന്ന് ആളുകള്‍ പറഞ്ഞു. ആഗ്രയിലെ കേദാർ നഗറിലുള്ള സ്വന്തം വീട്ടിലുമെത്താറില്ല. ഒരു പൊലീസ് കോണ്‍സ്റ്റബിളായിരുന്ന പാല്‍ എങ്ങനെയാണ് ഒരു ആത്മീയ സാമ്രാജ്യം കെട്ടിപ്പെടുത്തതെന്ന് വ്യക്തമല്ല. ആശ്രമത്തിനും ട്രസ്റ്റിനും ഒരു രഹസ്വസ്വഭാവമുള്ളതും ദുരൂഹത വര്‍ധിപ്പിക്കുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News