ഹാഥ്റസ് ദുരന്തം; സത്സംഗ് സംഘാടകര്‍ക്കെതിരെ കേസ്, എഫ്ഐആറില്‍ ഭോലെ ബാബയുടെ പേരില്ല

മുഖ്യസംഘാടകനായ ദേവപ്രകാശ് മധുകര്‍ 80,000ത്തോളം ആളുകള്‍ പങ്കെടുക്കുന്ന പരിപാടിക്ക് അധികൃതരില്‍ നിന്നും അനുമതി തേടിയിരുന്നു

Update: 2024-07-03 09:43 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹാഥ്റസ്: ഹാഥ്റസില്‍ ആള്‍ദൈവം ഭോലെ ബാബ നടത്തിയ പ്രാര്‍ഥനയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 122 പേര്‍ മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു. പരിപാടിയുടെ മുഖ്യ സംഘാടകനായ ദേവപ്രകാശ് മധുക്കറിനെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാല്‍ എഫ്ഐആറില്‍ സാകർ വിശ്വ ഹരി ഭോലെ ബാബ എന്നറിയപ്പെടുന്ന ബാബ നാരായൺ ഹരിയെ പ്രതി ചേര്‍ത്തിട്ടില്ല. ഇയാൾ ഒളിവിലാണ്.

മുഖ്യ സംഘാടകന്‍ മധുകറിൻ്റെയും മറ്റ് സംഘാടകരുടെയും പേരുകളാണ് സിക്കന്ദര റാവു പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകി സമര്‍പ്പിച്ച എഫ്ഐആറിലുള്ളതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ബിഎന്‍സിലെ 105,110,126(എ), 223, 238 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മുഖ്യസംഘാടകനായ ദേവപ്രകാശ് മധുകര്‍ 80,000ത്തോളം ആളുകള്‍ പങ്കെടുക്കുന്ന പരിപാടിക്ക് അധികൃതരില്‍ നിന്നും അനുമതി തേടിയിരുന്നു. ഇതുപ്രകാരം അധികൃതര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കി. എന്നാല്‍ രണ്ടര ലക്ഷത്തോളം ആളുകൾ സത്സംഗില്‍ ഒത്തുകൂടി. റോഡിൽ കനത്ത ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും ചെയ്തുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അനുമതി തേടുമ്പോൾ സത്സംഗിനെത്തുന്ന യഥാർത്ഥ ഭക്തരുടെ കണക്ക് സംഘാടകർ മറച്ചുവച്ചു. ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയെങ്കിലും സംഘാടകര്‍ സഹകരിച്ചില്ല. തിക്കിലും തിരക്കിനും ശേഷം തെളിവുകൾ മറച്ചുവച്ചുവെന്നും എഫ്ഐആറിൽ ആരോപിച്ചു.

പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ വേദിയിലുണ്ടായിരുന്ന ആളുകള്‍ ഒരുമിച്ച് പുറത്തേക്കിറങ്ങിയത് അനിയന്ത്രിതമായ തിക്കിനും തിരക്കിനും കാരണമായി. സംഘാടകര്‍ വടികള്‍ ഉപയോഗിച്ച് വെള്ളത്തിലും ചെളി നിറഞ്ഞ വയലുകളിലും ഓടുന്ന ജനക്കൂട്ടത്തെ ബലമായി തടയാൻ ശ്രമിച്ചു. ഇത് ജനക്കൂട്ടത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. ഓടുന്നതിനിടയില്‍ ആളുകള്‍ നിലത്തുവീഴുകയും ചതഞ്ഞരയുകയും ചെയ്തു..എഫ്.ഐ.ആറില്‍ പറയുന്നു.

സ്ഥലത്തുണ്ടായിരുന്ന പൊലീസും മറ്റ് അധികൃതരും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി. ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സംഘാടകര്‍ സഹകരിച്ചില്ലെന്നും എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ഭോലെ ബാബയുടെ വാഹനവ്യൂഹം വേദിയിൽ നിന്ന് പുറത്തേക്ക് പോയതായും എഫ്ഐആർ പറയുന്നു.

ഹാഥ്റസ് ജില്ലയിലെ രതിഭാൻപൂർ ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടാകുന്നത്. ഭോലെ ബാബ നടത്തിയ പ്രാർത്ഥന യോഗത്തിനു ശേഷം മടങ്ങിപ്പോകുന്നതിനിടെയുണ്ടായ തിക്കും തിരക്കുമാണ് ദുരന്തത്തില്‍ കലാശിച്ചത്. ഇതുവരെ 122 പേരാണ് മരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News