'സ്കൂളുകള്‍ ദീര്‍ഘകാലമായി അടച്ചിടുന്നത് അപകടകരം'; ആശങ്ക പ്രകടിപ്പിച്ച് പാര്‍ലമെന്‍ററി സമിതി

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അനുബന്ധ സ്റ്റാഫുകള്‍ക്കുമുള്ള വാക്സിനേഷന്‍ വേഗത്തിലാക്കണമെന്നും സമിതി നിര്‍ദേശിച്ചു.

Update: 2021-08-08 13:45 GMT
Advertising

കോവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ ദീര്‍ഘകാലമായി അടച്ചിടുന്നത് അവഗണിക്കാനാവാത്ത അപകടമാണെന്ന് പാര്‍ലമെന്ററി സമിതി.  ഒരു വര്‍ഷത്തിലേറെയായി സ്‌കൂളുകള്‍ അടച്ചുപൂട്ടിയത് വിദ്യാര്‍ഥികളുടെ ക്ഷേമത്തെയും അവരുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചുവെന്ന് സമിതി ചൂണ്ടിക്കാട്ടി. 

നാല് ചുമരുകള്‍ക്കുള്ളില്‍ കുട്ടികളുടെ ജീവിതം ഒതുങ്ങിയത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിച്ചു. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ശൈശവ വിവാഹത്തിന് ആക്കം കൂട്ടി. വീട്ടുജോലികളില്‍ കുട്ടികളുടെ പങ്കാളിത്തം വര്‍ധിച്ചു.  കോവിഡ് സാഹചര്യം അരികുവത്കരിക്കപ്പെട്ടിരുന്ന കുട്ടികളുടെ പഠന പ്രതിസന്ധികള്‍ കൂടുതല്‍ വഷളാക്കി. അതിനാല്‍ സ്‌കൂളുകള്‍ തുറക്കുന്നത് അനിവാര്യമാണെന്ന് സമിതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ഗണിതശാസ്ത്രം, ശാസ്ത്രം, ഭാഷാപഠനം എന്നിവയിലുള്ള അടിസ്ഥാനപരമായ അറിവിനെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടാവാമെന്നും സമിതി നിരീക്ഷിച്ചു. 

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അനുബന്ധ സ്റ്റാഫുകള്‍ക്കുമുള്ള വാക്സിനേഷന്‍ വേഗത്തിലാക്കണം.  മാസ്‌ക്, കൈകള്‍ ഇടക്കിടെ വൃത്തിയാക്കൽ എന്നിവ ചിട്ടയോടെ പാലിക്കേണ്ടതുണ്ട്. കുട്ടികളെ ക്ലസ്റ്ററുകളാക്കി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ഓരോ ക്ലസ്റ്ററിനും ക്ലാസ് നല്‍കാം. രോഗബാധിതരെ തിരിച്ചറിയാന്‍ തെര്‍മല്‍ സ്‌ക്രീനിങ്ങ് നിര്‍ബന്ധമാക്കണം. ശുചിത്വവും കോവിഡ് പ്രോട്ടോക്കോളുകളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും അടക്കം സ്കൂളുകളില്‍ പരിശോധന നടത്തണമെന്നും സമിതി നിര്‍ദേശിച്ചു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രാജ്യത്ത് സ്കൂളുകള്‍ അടച്ചത്. ചില സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ ആരംഭിച്ചെങ്കിലും ഏപ്രില്‍- മെയ് മാസങ്ങളില്‍ കോവിഡ് രണ്ടാം തരംഗം കണക്കിലെടുത്ത് വീണ്ടും അടച്ചുപൂട്ടുകയായിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News