ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന
ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ആരോപണമുന്നയിച്ചത്
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. കള്ളപ്പണക്കേസിൽ സോറനെ അറസ്റ്റ് ചെയ്താൽ ഭാര്യ കൽപന സോറനെ മുഖ്യമന്ത്രിയാക്കാൻ നീക്കം നടക്കുന്നതായി ബി.ജെ.പി ആരോപിച്ചു. ഗോണ്ടെ മണ്ഡലത്തിൽ നിന്നുള്ള ജെഎംഎം എം.എൽ.എ രാജി വെച്ചത് ഈ നീക്കത്തിന്‍റെ ഭാഗമാണെന്നാണ് ബി.ജെ.പി ആരോപണം.
റാഞ്ചി ഭൂമി കുംഭകോണം ഉൾപ്പടെയുള്ള അഴിമതികളിൽ നിന്ന് ലഭിച്ച കള്ളപ്പണം ഹേമന്ത് സോറൻ വെളുപ്പിച്ചെന്നാണ് ഇ.ഡി ആരോപണം. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് റാഞ്ചി സോണൽ ഓഫീസിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് 7 തവണയാണ് ഇഡി ഹേമന്ത് സോറന് നോട്ടീസ് നൽകിയത്. അനാവശ്യമെന്ന് വിശേഷിപ്പിച്ച് നോട്ടീസുകൾക്ക് മറുപടി നൽകാൻ ഹേമന്ത് സോറൻ തയ്യാറായിരുന്നില്ല. ഞായറാഴ്ചയ്ക്ക് മുൻപ് വിശദീകരണം നൽകണമെന്ന് വെള്ളിയാഴ്ച അയച്ച ഏഴാമത്തെയും അവസാനത്തെയും നോട്ടീസിൽ ഇഡി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനും മറുപടി നൽകാത്ത സാഹചര്യത്തിൽ ഇഡി അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് സൂചന. അത്തരം സാഹചര്യം ഉണ്ടായാൽ ഭാര്യ കല്പന സോറനെ ജാർഖണ്ഡ് മുഖ്യമന്ത്രിയാക്കാൻ ആണ് നീക്കം. ഇവർക്കായി പാർട്ടി കരുതി വെച്ച ഗോണ്ഡെ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ സർഫറാസ് അഹമ്മദ് ഇന്നലെ നൽകിയ രാജിക്കത്ത് സ്പീക്കർ സ്വീകരിച്ചിരുന്നു. ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ജാർഖണ്ഡ് മുക്തി മോർച്ച വ്യക്തമാക്കി.