'ബോയ്കോട്ട് മിന്ത്ര' ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുന്നത് എന്തിനാണ്?

2016ൽ ചിത്രം ആദ്യമായി പുറത്തിറങ്ങിയപ്പോൾ തന്നെ ഓൺലൈൻ ഷോപ്പിങ് വെബ്‌സൈറ്റായ മിന്ത്രയ്‌ക്കെതിരെ വ്യാപക കാംപയിൻ നടന്നിരുന്നു. അന്നു തന്നെ തങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന് മിന്ത്ര വ്യക്തമാക്കുകയും ചെയ്തതാണ്

Update: 2021-08-23 13:57 GMT
Editor : Shaheer | By : Web Desk
Advertising

അഞ്ചുവർഷം മുൻപത്തെ വ്യാജ പരസ്യം ഉയർത്തിക്കാട്ടി ഓൺലൈൻ ഷോപ്പിങ് വെബ്‌സൈറ്റായ 'മിന്ത്ര'യ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ബഹിഷ്‌ക്കരണ കാംപയിൻ. മിന്ത്ര പുറത്തിറക്കാത്ത ഒരു പരസ്യചിത്രം ചൂണ്ടിക്കാട്ടിയാണ് ഹിന്ദുമതത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് വ്യാപക പ്രചാരണം നടക്കുന്നത്.

2016 ഓഗസ്റ്റിലാണ് വിവാദ ചിത്രം ആദ്യമായി പുറത്തുവരുന്നത്. പരസ്യ ഏജൻസിയായ 'സ്‌ക്രോൾഡ്രോൾ' ആയിരുന്നു ചിത്രത്തിനു പിന്നിൽ. മഹാഭാരതത്തിൽ ഏറെ പ്രചാരമുള്ള അധ്യായമായ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം മീമായി പുനസൃഷ്ടിക്കുകയായിരുന്നു സ്‌ക്രോൾഡ്രോൾ ചെയ്തത്. ദുശ്ശാസനൻ പാഞ്ചാലിയുടെ വസ്ത്രമുരിയുമ്പോൾ കൃഷ്ണൻ മിന്ത്രയുടെ വെബ്‌സൈറ്റിൽ നീളമുള്ള സാരിക്കു വേണ്ടി തിരയുന്നതാണ് ചിത്രീകരണം.

2016ൽ ഈ ചിത്രം ആദ്യമായി പുറത്തിറങ്ങിയപ്പോൾ തന്നെ മിന്ത്രയ്‌ക്കെതിരെ ഹിന്ദുത്വ അക്കൗണ്ടുകളിൽനിന്ന് വ്യാപക കാംപയിൻ ആരംഭിച്ചിരുന്നു. അന്നുതന്നെ തങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന് മിന്ത്ര വ്യക്തമാക്കുകയും ചെയ്തു. സ്‌ക്രോൾഡ്രോൾ തന്നെ പരസ്യവുമായി മിന്ത്രയ്ക്ക് ഒരു ബന്ധവുമില്ലെന്ന് ട്വിറ്ററിൽ വിശദീകരിച്ചെങ്കിലും ബഹിഷ്‌ക്കരണ കാംപയിൻ തുടരുകയായിരുന്നു. എന്നാൽ, അന്നത്തെ വ്യാജപ്രചാരണം കെട്ടടങ്ങിയെങ്കിലും ഇപ്പോൾ ഇതേ ചിത്രം ആരോ സമൂഹമാധ്യമങ്ങളിൽ പൊക്കിക്കൊണ്ടുവന്നതോടെ ഇടവേളയ്ക്കുശേഷം BoycottMyntra ഹാഷ്ടാഗ് വീണ്ടും ട്വിറ്ററിൽ സജീവമാകുകയാണ്.

മിന്ത്ര ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്നു പറഞ്ഞാണ് വീണ്ടും ബഹിഷ്‌ക്കരണ കാംപയിൻ നടക്കുന്നത്. പലരും മിന്ത്ര ആപ്പ് ഫോണുകളിൽനിന്ന് അണിന്‍സ്റ്റാൾ ചെയ്‌തെന്നു പറയുന്നു. ചിലർ മിന്ത്രയിൽനിന്ന് ഇനി ഷോപ്പിങ് നടത്തില്ലെന്ന് പ്രഖ്യാപിക്കുന്നു. ചിത്രത്തിന്റെ സത്യാവസ്ഥ വിവരിച്ചും നിരവധി പേർ ട്വിറ്ററിൽ രംഗത്തുവന്നു. സത്യമറിയാതെയും സത്യാവസ്ഥ പരിശോധിക്കാതെയും അന്ധമായി ട്വീറ്റ് ചെയ്യരുതെന്ന് ഒരാൾ പറയുന്നു. എന്നാൽ, വിഷയം സോഷ്യല്‍ മീഡിയയില്‍ വീണ്ടും കത്തുമ്പോള്‍ വിശദീകരണവുമായി മിന്ത്ര ഇതുവരെ രംഗത്തുവന്നിട്ടില്ല.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News