അവതാരകന് പറ്റിയ അമളി, ചാനൽ ചർച്ചയിൽ ആളുമാറി ശകാരം; വീഡിയോ വൈറൽ
ടൈംസ് നൗ എഡിറ്റർ രാഹുൽ ശിവശങ്കറിന് പറ്റിയ തെറ്റിദ്ധാരണയാണ് സോഷ്യൽ മീഡിയയെ ചിരിപ്പിക്കുന്നത്
ദൃശ്യമാധ്യമങ്ങളിലെ അന്തിചര്‍ച്ചകളിലുണ്ടാകാറുള്ള ചില പരാമര്‍ശങ്ങളും തമാശകളും സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത് പതിവാണ്. ആ പട്ടികയില്‍ ഏറ്റവും പുതിയതാണ് ടൈംസ് നൗ എഡിറ്റര്‍ രാഹുല്‍ ശിവശങ്കറിന് പറ്റിയ അമളി. റഷ്യയുടെ യുക്രൈന്‍ അധിനിവേശം സംബന്ധിച്ച വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ആളുമാറി ശകാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.
റോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടറായ ഡാനിയല്‍ മക്ആഡംസ്, യുക്രൈനിയന്‍ പത്രമായ കിയവ് പോസ്റ്റ് എഡിറ്റര്‍ ബോദാന്‍ നഹയ്‌ലോ തുടങ്ങിയവര്‍ പങ്കെടുത്ത ചാനല്‍ ചര്‍ച്ചയിലാണ് അവതാരകന് ഗുരുതരമായ തെറ്റ് പറ്റിയത്. മക്ആഡംസിന്‍റെ പേരെടുത്ത് പറഞ്ഞ് നഹയ്‌ലോയോടായിരുന്നു രാഹുല്‍ ശിവശങ്കര്‍ കയര്‍ത്ത് സംസാരിച്ചത്.
Hands down, this is THE funniest 'news' video I have seen in recent times... perhaps the funniest of 2022, amidst all the gloom. Please persist through Rahul Shivshankar's non-stop verbal diarrhoea and you'd be richly rewarded in the end 😂 pic.twitter.com/ZULpgXFnzu
— Karthik 🇮🇳 (@beastoftraal) March 3, 2022
'ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനുപകരം തന്റെ ആളുകളോടൊപ്പം പോയി പോരാടൂ' എന്നാണ് രാഹുൽ ശിവശങ്കർ അദ്ദേഹത്തോട് പറയുന്നത്. കൊളോണിയൽ മാനസികാവസ്ഥ തെറ്റാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അതിഥിക്കെതിരെ അധിക്ഷേപങ്ങളുടെ പരമ്പര തന്നെ അഴിച്ചുവിട്ടപ്പോൾ താൻ വേറൊരാളോടാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിയുന്നതേയില്ല. ഒരു മിനിറ്റിലേറെ സമയം ഇത് തുടര്‍ന്നു. പിന്നീടാണ് താന്‍ മക്ആഡംസിനോടല്ല സംസാരിക്കുന്നതെന്ന് അവതാരകന്‍ തിരിച്ചറിയുന്നത്.
"ഞാന്‍ ഒന്നും സംസാരിച്ചിട്ടില്ല, നിങ്ങള്‍ക്ക് ആളുമാറിപ്പോയി" എന്ന് മക്ആഡംസ് ഇടയ്ക്കിടെ പറഞ്ഞെങ്കിലും സംസാരത്തിനിടെ രാഹുല്‍ ഇത് ശ്രദ്ധിക്കുന്നില്ല. എന്നോടെന്തിനാണ് കയര്‍ത്ത് സംസാരിക്കുന്നതെന്ന് മക്ആഡംസ് ചൂണ്ടിക്കാട്ടിയപ്പോള്‍ നിങ്ങളോടല്ല മക്ആഡംസിനോടാണ് ഞാന്‍ പറയുന്നതെന്നായിരുന്നു രാഹുലിന്‍റെ മറുപടി. എന്നാല്‍, ഞാനാണ് മക്ആഡംസ് എന്ന് പാനലിസ്റ്റ് പറഞ്ഞു. ഇതോടെയാണ് രാഹുല്‍ അമളി മനസിലാക്കുന്നത്. അപ്പോള്‍ തന്നെ അദ്ദേഹം ക്ഷമ ചോദിക്കുന്നുമുണ്ട്.
യഥാര്‍ഥത്തില്‍ പാനലിസ്റ്റുകളുടെ പേര് തെറ്റായാണ് ചാനലില്‍ കാണിച്ചിരുന്നത്. ഇതാണ് അവതാരകനില്‍ തെറ്റിദ്ധാരണയുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. ചര്‍ച്ചയ്ക്കിരിക്കുമ്പോള്‍ അതിഥികളാരാണെന്ന് നോക്കുന്നത് നല്ലതാകുമെന്ന തരത്തിലാണ് വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ വരുന്നത്.