'ചരിത്രവും ഭൂമിശാസ്ത്രവും അറിയാത്ത ഒരാൾക്ക് വേണ്ടി നിങ്ങളുടെ വോട്ട് പാഴാക്കണോ?' കങ്കണക്കെതിരെ കോൺഗ്രസ്
പാംഗി കശ്മീരിന് സമീപമല്ല. ജമ്മുവിലാണെന്ന് അവർക്ക് അറിയില്ലെന്ന് കോൺഗ്രസ്
ഷിംല: സിനിമ താരവും ബി.ജെ.പി മാണ്ഡി ലോക്‌സഭാ സ്ഥാനാർഥിയുമായ കങ്കണ റണാവത്തിന്‍റെ എക്സ് പോസ്റ്റിനെ പരിഹസിച്ച് കോൺഗ്രസ് ഹിമാചൽ ഘടകവും മുഖ്യമന്ത്രിയുമായ സുഖ്വീന്ദർ സിങ് സുഖു. ഹിമാചലിലെ പാംഗി താഴ്വരയുടെ ഭംഗിയെ വാഴ്ത്തി കൊണ്ടുള്ള കങ്കണയുടെ പോസ്റ്റ് ആണ് പരിഹാസത്തിന് ഇടയാക്കിയിരിക്കുന്നത്.
'ചമ്പ, കശ്മീർ, സ്പിതി എന്നിവയുടെ അതിർത്തിയിലാണ് പാംഗി സ്ഥിതി ചെയ്യുന്നത്. കശ്മീർ, ഹിമാചൽ പ്രദേശങ്ങളുടെ മനോഹരമായ സങ്കരമാണിത്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്. ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി തീർച്ചയായും ഇത് വികസിപ്പിക്കാൻ കഴിയും' എന്നാണ് കങ്കണ എക്സിൽ കുറിച്ചത്.
ഒരു മാസം നീണ്ട അവധിക്കാലം കങ്കണ ഹിമാചലിൽ ചെലവഴിച്ചെന്നായിരുന്നു സുഖ്വീന്ദർ സിങ് സുഖു കങ്കണയുടെ ഈ പോസ്റ്റിന് പ്രതികരിച്ചത്. എന്നാൽ, കങ്കണയുടെ പോസ്റ്റിനെ ചെയ്ത കുറിപ്പിനെ പരിഹസിച്ച് കോൺഗ്രസ് ഹിമാചൽ ഘടകമാണ് ആദ്യം രംഗത്തെത്തിയത്. 'കങ്കണ ജി ശരിക്കും അവധിക്കാലം ആഘോഷിക്കാനാണ് ഇവിടെ വന്നത്. പാംഗി കശ്മീരിന് സമീപമല്ല. ജമ്മുവിലാണെന്ന് അവർക്ക് അറിയില്ല. 2014ന് ശേഷം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്ന പ്രസ്താവനയിൽ നിന്ന് അവരുടെ അറിവ് വ്യക്തമാണ്.'
'ഇനി നിങ്ങൾ പറയൂ, ഹിമാചലിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാത്ത ഒരാൾക്ക് വേണ്ടി നിങ്ങളുടെ വോട്ട് പാഴാക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം? മാഡം ഒരു മാസത്തെ അവധിക്ക് ഇവിടെ വന്നിട്ടുണ്ട്, ആഘോഷം കഴിഞ്ഞ് തിരികെ മുംബൈക്ക് പോകും. ഇവരുടെ വാക്കുകൾ ഗൗരവമായി എടുക്കുന്നത് കൊണ്ടുള്ള പ്രയോജനം എന്താണ്?' ഹിമാചൽ ഘടകം എക്സിൽ കുറിച്ചു.