'അത് ലൗ ജിഹാദ്...സൊനാക്ഷിയെ ബിഹാറില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല'; പറ്റ്നയില്‍ ഹിന്ദുത്വ പ്രവര്‍ത്തകരുടെ പോസ്റ്റര്‍

താരവിവാഹത്തിന് പിന്നാലെ പറ്റ്നയില്‍ നടിക്കെതിരെ ഹിന്ദുത്വവാദികളുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്

Update: 2024-06-25 08:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

പറ്റ്ന: കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇഖ്ബാലും തമ്മിലുള്ള വിവാഹം. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹിതരായത്. ലളിതമായിട്ടാണ് വിവാഹമെങ്കിലും മുംബൈയില്‍ വച്ച് ബോളിവുഡ് താരങ്ങള്‍ പങ്കെടുത്ത ഗംഭീര സല്‍ക്കാരവും നടന്നിരുന്നു.

താരവിവാഹത്തിന് പിന്നാലെ പറ്റ്നയില്‍ നടിക്കെതിരെ ഹിന്ദുത്വവാദികളുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സൊനാക്ഷിയുടെയും സഹീറിന്‍റെയും കല്യാണത്തെ ലൗ ജിഹാദ് എന്ന് വിളിച്ച ഹിന്ദു ശിവഭവാനി സേന എന്ന സംഘടന നടിയെ ബിഹാറില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. പറ്റ്നയിലുടനീളം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. സിൻഹ കുടുംബത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകളില്‍ സഹീറും സൊനാക്ഷിയും ചേര്‍ന്ന് രാജ്യത്തെ ഇസ്‍ലാമിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണെന്നും ആരോപിക്കുന്നു. സൊനാക്ഷിയുടെ പിതാവും നടനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശത്രുഘ്നൻ സിൻഹക്കും സംഘടന ഭീഷണിസന്ദേശം അയച്ചിട്ടുണ്ട്. "സൊനാക്ഷിയുടെയും സഹീറിൻ്റെയും വിവാഹം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു. ഈ വിവാഹം പ്രണയത്തിൻ്റെ മറവിൽ നടക്കുന്ന മതപരമായ ഗൂഢാലോചനയാണ്. ഹിന്ദു സംസ്‌കാരത്തെ തകർക്കാനാണ് ഇത് ലക്ഷ്യമിടുന്നത്", "ഹിന്ദു ശിവഭവാനി സേന സൊനാക്ഷി സിൻഹയെ ബിഹാറിൽ പ്രവേശിപ്പിക്കില്ല'' പോസ്റ്ററില്‍ പറയുന്നു.

ഇത് കൂടാതെ മുംബൈയിലെ ശത്രുഘ്നന്‍ സിന്‍ഹയുടെ രാമായണ എന്ന വീടിന്‍റെ പേരും മക്കളായ ലവ,കുശ എന്നിവരുടെ പേരും മാറ്റണമെന്നും സംഘടന ആവശ്യപ്പെടുന്നു. സൊനാക്ഷിയെ കൂടാതെ ലവ് സിന്‍ഹ, കുഷ് സിന്‍ഹ എന്നീ രണ്ടു മക്കളും ശത്രുഘ്നന്‍ സിന്‍ഹക്കുണ്ട്. സൊനാക്ഷിയും സഹീറും ഇതുവരെ പോസ്റ്ററുകളോട് പ്രതികരിച്ചിട്ടില്ല.എന്നാൽ, തൻ്റെ മകൾ നിയമവിരുദ്ധമായോ ഭരണഘടനാ വിരുദ്ധമായോ ഒന്നും ചെയ്തിട്ടില്ലെന്ന് ശത്രുഘ്നൻ വ്യക്തമാക്കി. "ആർക്കും ഇടപെടാൻ അവകാശമില്ല. എല്ലാ പ്രതിഷേധക്കാരോടും ഞാൻ പറയുന്നു, 'പോയി ഒരു ജീവിതം നേടൂ. നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രയോജനം ചെയ്യൂ'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്‍റെ മകന്‍റെ വിവാഹം മതാചാര പ്രകാരമായിരിക്കില്ലെന്ന് സഹീറിന്‍റെ പിതാവും ഇഖ്ബാല്‍ റത്നാസി നേരത്തെ വ്യക്തമാക്കിയിരുന്നു. ''അതൊരു ഹിന്ദു വിവാഹമോ മുസ്‍ലിം വിവാഹമോ ആയിരിക്കില്ല. രജിസ്റ്റര്‍ വിവാഹമായിരിക്കും. വിവാഹശേഷം സൊനാക്ഷി ഇസ്‍ലാമിലേക്ക് മതം മാറില്ല. അത് ഉറപ്പാണ്. ഹൃദയങ്ങള്‍ തമ്മിലാണ് ചേരുന്നത്. അതില്‍ മതത്തിന് കാര്യമില്ല. ഞാന്‍ മനുഷ്യത്വത്തിലാണ് വിശ്വസിക്കുന്നത്. ദൈവത്തെ ഹിന്ദുക്കള്‍ ഭഗവാനെന്നും മുസ്‍ലിംകള്‍ അല്ലാഹ് എന്നും വിളിക്കുന്നു. പക്ഷേ അവസാനം നമ്മള്‍ എല്ലാം മനുഷ്യന്മാരാണ്. സഹീറിനും സൊനാക്ഷിക്കും എന്റെ അനുഗ്രഹങ്ങളുണ്ടാകും'' എന്നാണ് ഇഖ്ബാല്‍ പറഞ്ഞത്. 

Full View

2020 മുതൽ സോനാക്ഷിയും സഹീറും ഡേറ്റിംഗിലാണ് .2022-ൽ പുറത്തിറങ്ങിയ ഡബിൾ എക്‌സ്എൽ എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. കഴിഞ്ഞ വർഷം ജോഡി ബ്ലോക്ക്ബസ്റ്റർ എന്ന മ്യൂസിക് വീഡിയോയിലും ഒരുമിച്ചിരുന്നു. സഞ്ജയ് ലീല ബൻസാലിയുടെ 'ഹീരമാണ്ടി' എന്ന വെബ് സീരീസിലാണ് സൊനാക്ഷി ഒടുവില്‍ അഭിനയിച്ചത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News