തമിഴ്നാട്ടിൽ വിലക്ക് ലംഘിച്ച് വിനായക ചതുർത്ഥി ആഘോഷം ; ഹിന്ദു മുന്നണി നേതാക്കൾ അറസ്റ്റിൽ
ആഘോഷങ്ങൾക്കും രാഷ്ട്രീയ പൊതുയോഗങ്ങൾക്കും ഒക്ടോബർ 31 വരെ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാട്ടിലെ പൊതുസ്ഥലങ്ങളിൽ വിനായക ചതുർത്ഥി ആഘോഷിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ച് ആഘോഷം നടത്തിയ ഹിന്ദു മുന്നണി പ്രവർത്തകരെ തമിഴ്നാട് പൊലിസ് അറസ്റ്റ് ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ വെള്ളൂർ കളക്ടറേറ്റിന് പുറത്ത് ഗണപതി വിഗ്രഹങ്ങൾ സ്ഥാപിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് സംസ്ഥാന സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.കേരളത്തിൽ കോവിഡ് വ്യാപനം കൂടുന്നതും മൂന്നാം തരംഗത്തെക്കുറിച്ച് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പും കണക്കിലെടുത്താണ് നിയന്ത്രണം. ആഘോഷങ്ങൾക്കും രാഷ്ട്രീയ പൊതുയോഗങ്ങൾക്കും ഒക്ടോബർ 31 വരെ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
പ്രതിദിന കോവിഡ് കണക്കുകൾ കുറവാണെങ്കിലും ചില ജില്ലകളിൽ കോവിഡ് വ്യാപനം കൂടുതലാണെന്നും അത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. മതപരമായ ആഘോഷങ്ങൾ വീടുകളിലാക്കണമെന്നും ആളുകൾ കൂട്ടം കൂടുന്നതൊഴിവാക്കണമെന്നും അദ്ദേഹം നിർദേശം നൽകിയിരുന്നു.